കോട്ടയം : മിൽക്ക് എ.ടി.എം എന്ന നൂതനമായ ആശയം നടപ്പിലാക്കിയതി​ന്റെ നിറവിൽ രണ്ടാമതൊന്നുകൂടി സ്ഥാപിക്കാൻ പാമ്പാടി ബ്ലോക്ക് ഒരുങ്ങുന്നു. മണർകാട് കിടങ്ങൂർ റോഡിൽ പെരുമാനൂർകുളം ജംഗ്ഷനിലാണ് പ്രദേശത്തെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാൽ വിതരണം ചെയ്യുന്ന യന്ത്രം സ്ഥാപിക്കുക. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ക്ഷീരവികസന വകുപ്പുമായി സഹകരിച്ചു വടവാതൂർ ക്ഷീര വ്യവസായ സംഘമാണ് യന്ത്രം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് പ്രവർത്തനസജ്ജമാകും. നേരത്തെ ജില്ലയിൽ ആദ്യമായി അരീപ്പറമ്പ് ക്ഷീരവ്യവസായ സംഘവുമായി സഹകരിച്ചു ഒറവയ്ക്കൽ - കൂരോപട റോഡിൽ എ.ടി.എം സ്ഥാപിച്ചിരുന്നു. ഇത് വിജയം കണ്ടതോടെയാണ് കൂടുതൽ പദ്ധതികളുമായി പഞ്ചായത്ത് മുന്നോട്ടെത്തിയത്. ബ്ലോക്കിന് കീഴിൽ പുതിയ മൂന്നെണ്ണം കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്.

ഡൽഹിയിൽ നിന്നാണ് യന്ത്രം എത്തിച്ചത്. 200 ലിറ്റർ പാൽ ഉൾക്കൊള്ളാനാകും. 10 രൂപ മുതലുള്ള നോട്ടുകൾ ഉപയോഗിച്ചു പാൽ ഏതു സമയവും ഇവിടെ നിന്ന് ശേഖരിക്കാം. കൂടാതെ സ്മാർട്ട് കാർഡ്, ഗൂഗിൾ പേ സംവിധാനങ്ങളുമുണ്ട്. സിസിടിവി കാമറ സംവിധാനവും ഉണ്ടാകും. മണർകാട് - കിടങ്ങൂർ റോഡിനും ഏറ്റുമാനൂർ ബൈപാസ് റോഡിനും അഭിമുഖമായി എൻ എസ് എസ് എസ് ബിൽഡിംഗിൽ പാർക്കിംഗ് സംവിധാനങ്ങളോടെയാണ് യന്ത്രം സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്ന രണ്ടര ലക്ഷവും ക്ഷീരസംഘത്തിന്റെ രണ്ടര ലക്ഷവും ചേർന്നാണ് പദ്ധതി നടപ്പാക്കുക.

പ്രത്യേകതകൾ ഇവ

24 മണിക്കൂറും മിൽക്ക് എ.ടി.എം പ്രവർത്തിക്കും
72 മണിക്കൂർ വരെ പാൽ കേടുകൂടാതെ സൂക്ഷിക്കാം
10 രൂപ മുതലുള്ള നോട്ടുകൾ ഉപയോഗിച്ചു പാൽ ശേഖരിക്കാം
ആളുകൾ പാത്രവുമായി എത്തി പാൽ വാങ്ങുന്ന രീതി