പാലാ : ശിവഗിരി പദയാത്രയ്ക്ക് പോകാൻ സാധിച്ചില്ലെങ്കിലും ഭഗവാന്റെ പേരിൽ തങ്ങളുടെ പങ്കാളിത്തമായി ദക്ഷിണ സമർപ്പിക്കുന്നത് പുണ്യകർമ്മമാണെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. യൂണിയന് കീഴിലെ എല്ലാ ശാഖകളിലുമെത്തി ഭക്തരിൽ നിന്ന് യൂണിയൻ ഗുരുദക്ഷിണ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ 25 ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രക്ക് മുന്നോടിയായി ''പദയാത്രയ്‌ക്കൊരു ഗുരുദക്ഷിണ'' പരിപാടിക്കായി വിവിധ ശാഖകളിൽ നിന്ന് ദക്ഷിണ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഇട്ടിക്കുന്നേൽ, കൺവീനർ എം.ആർ.ഉല്ലാസ് എന്നിവർ ചേർന്നാണ് ദക്ഷിണ ഏറ്റുവാങ്ങിയത്.

വിവിധ ശാഖകളിൽ നടന്ന ലളിതമായ യോഗങ്ങളിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ്, വൈസ് ചെയർമാൻ സജീവ് വയല, ജോ.കൺവീനർ കെ.ആർ.ഷാജി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ അനീഷ് പുല്ലുവേലിൽ, സജി ചേന്നാട്, സുധീഷ് ചെമ്പൻകുളം തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ കുമ്മണ്ണൂർ, കടപ്ലാമറ്റം, ആണ്ടൂർ, ഇടപ്പാടി ശാഖകളിൽ യൂണിയൻ നേതാക്കളെത്തിയാണ് ''പദയാത്രയ്‌ക്കൊരു ഗുരുദക്ഷിണ'' സ്വീകരിച്ചത്.
കുമ്മണ്ണൂർ ശാഖയിൽ കെ.കെ.ഗോപിനാഥൻ, സി.പി. ജയൻ, കടപ്ലാമറ്റം ശാഖയിൽ ടി.ആർ.തങ്കച്ചൻ, എ.എസ്.ബിനു, ആണ്ടൂർ ശാഖയിൽ സലി കെ.കെ. ടി.എം.ജോജോ, ഇടപ്പാടി ശാഖയിൽ വൽസാ ബോസ്, ടി.ആർ.വിനോദ് എന്നിവർ ഗുരുദക്ഷിണാ ചടങ്ങിന് നേതൃത്വം നൽകി.

തുടർന്നുള്ള ദിവസങ്ങളിൽ യൂണിയൻ നേതാക്കൾ മറ്റു ശാഖകളും സന്ദർശിക്കുന്നുണ്ട്. 18 ന് പദയാത്രികർക്ക് ഇടപ്പാടി ക്ഷേത്രസന്നിധിയിൽ പീതാംബര ദീക്ഷ നൽകും. 25 ന് പുലർച്ചെ 6.30 നാണ് പദയാത്ര ആരംഭിക്കുന്നത്.