കോട്ടയം : നഗരത്തിൽ പലയിടങ്ങളിലായായി കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. 11 ഡംപിംഗ് പോയിന്റുകളിലെ മാലിന്യമാണ് കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ചേർന്ന് നീക്കം ചെയ്ത് സംസ്കരിച്ചത്. നഗരസഭ ഹെൽത്ത്‌ സൂപ്പർവൈസർ എം.ആർ.സാനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബി കുന്നേപറമ്പിൽ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പ്രധാന മാലിന്യ പോയിന്റുകളായ കാരാപ്പുഴ തെക്കുംഗോപുരം, റസ്റ്റ്‌ ഹൗസിന് എതിർവശം, സമൂഹമഠത്തിന് സമീപം, പാരഗൺ, സി.എസ്.ഐ ശ്മശാനത്തിന് സമീപം, ആർ.എസ്.പി ഓഫീസിന് സമീപം, ഇൻകംടാക്സ് ക്വാർട്ടേഴ്സ്, കുട്ടികളുടെ ലൈബ്രറി, സി.പി. ഐ ഓഫീസിന് സമീപം, അനശ്വര തിയേറ്റർ, ശ്രീരംഗത്തിന് സമീപം തുടങ്ങി പതിനൊന്നു പോയിന്റുകളിലെ മാലിന്യമാണ് നീക്കിയത്. വൃത്തിയാക്കിയ ഇവിടെ നിരീക്ഷണത്തിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. പോയിന്റുകളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതിലൂടെ മാലിന്യം തള്ളാനെത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി സമർപ്പിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾ വി കെയറുമായി ചേർന്ന് നടത്തുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ഡി. ജയകുമാർ അറിയിച്ചു.