കോട്ടയം : ഉത്സവാഘോഷമായി ഇല്ലിക്കൽ തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലവും നവീകരിച്ച റോഡും നാടിന് സമർപ്പിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിനാകെ മാതൃകയാക്കാൻ പറ്റിയ തരത്തിലുള്ള യുദ്ധകാലടിസ്ഥാനത്തിലുള്ള നിർമ്മാണമാണ് ചേരിക്കൽ പാലത്തിന്റെ പൂർത്തീകരണത്തിൽ നടന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ , ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, വനംവികസനകോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ആർ.അജയ്, സി.ടി.രാജേഷ്, പി.എസ്. ഷീനാമോൾ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി നൈനാൻ, എ.എം. ബിന്നു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ കെ. ജോസ് രാജൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ബി. വിമൽ എന്നിവർ പ്രസംഗിച്ചു. റോഡ് നിർമ്മാണത്തിനിടെ ഗതാഗതത്തിന് താത്ക്കാലികമായി റോഡിനായി സ്ഥലം വിട്ടുകൊടുത്ത ഹാഷിം, ഹംസ, സുനിത എന്നിവരെ മന്ത്രി വി.എൻ.വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. 18 മാസമായിരുന്നു നിർമാണകാലാവധിയെങ്കിലും പത്തുമാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു. പത്തുകോടി രൂപ ചെലവഴിച്ചാണ് 137.5 മീറ്റർ നീളത്തിൽ പുതുതായി പാലവും അപ്രോച്ച് റോഡും നിർമ്മിച്ചത്.