പാലാ: ഈ നാട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ...?മൂന്നാഴ്ചയ്ക്കിടെ മൂന്നാനിയിൽ സാമൂഹ്യവിരുദ്ധർ മൂന്നാമതും കക്കൂസ് മാലിന്യം തള്ളി.

മൂന്നാനി ലോയേഴ്‌സ് ചേംബർ റൂട്ടിൽ ഗാന്ധി സ്‌ക്വയറിന് സമീപമാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച അർദ്ധ രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു.

മൂന്നാനിയിൽ റോഡിന് സമീപത്തെ സ്ഥലം താഴ്ന്നും കാടും പിടിച്ചു കിടക്കുകയാണ്. ഇവിടെയാണ് രണ്ടാഴ്ചമുമ്പ് കക്കൂസ് മാലിന്യം തള്ളിയത്.

ഈ ഭാഗത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ താത്ക്കാലികമായി സ്ഥാപിച്ചിരുന്ന ലൈറ്റ് ഇന്നലെ തകരാറിലായിരുന്നു. ഇതോടെ ഈ ഭാഗത്ത് വെളിച്ചം ഇല്ലാതെ വന്നതോടെയാണ് വൻതോതിൽ മാലിന്യം തള്ളിയത്.

കക്കൂസ് മാലിന്യം തള്ളിയ സംഭവം അറിഞ്ഞയുടൻ പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ നിർദ്ദേശപ്രകാരം നഗരസഭാ ജീവനക്കാർ പ്രദേശത്ത് കുമ്മായം വിതറി. മാലിന്യം തള്ളിയതിനെതിരെ പൊലീസിൽ പരാതി നൽകിയതായി മുനിസിപ്പൽ ചെയർമാൻ അറിയിച്ചു.

ഗാന്ധി സ്‌ക്വയറിന് സമീപം കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു.

സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. സംഭവത്തിൽ കേസെടുത്തതായി പാലാ പൊലീസ് അറിയിച്ചു. ഗാന്ധി സ്‌ക്വയറിന് സമീപം ലൈറ്റ് സ്ഥാപിക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതായി ചെയർമാൻ എബി ജെ.ജോസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഗാന്ധിജിയുടെ പ്രതിമ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവിടെ അനാവരണം ചെയ്തത്.

ഒന്നും സംഭവിക്കാൻ പോകുന്നില്ല

സിസിടിവി കാമറയിൽ നിന്ന് ആ സാമൂഹികവിരുദ്ധരെ മനസിലായാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. നിസാര ശിക്ഷയേ ലഭിക്കൂ. ഈ പരമദ്രോഹികളെ രക്ഷിക്കാൻ രാഷ്ട്രീയസമ്മർദ്ദവും ഉണ്ടാവാം..!

ചാക്കോ. സി. പൊരിയത്ത് സംസ്ഥാന മലയാളഭാഷ നവീകരണ വിദഗ്ധസമിതിയംഗം


ഫോട്ടോ അടിക്കുറിപ്പ്

1. മൂന്നാനി ഗാന്ധി സ്‌ക്വയറിന് സമീപം സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയതിനെത്തുടർന്ന് നഗരസഭാ ജീവനക്കാരൻ കുമ്മായം വിതറുന്നു.

2. സബ് ഹെഡ്ഡിംഗ് ചാക്കോ സി. പൊരിയത്ത്.