പാലാ: രാജ്യത്ത് ഏറ്റവും ഉയർന്ന ബോണസ് ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ മേലുകാവ് പഞ്ചായത്തിലെ ജനങ്ങളെ അംഗങ്ങളായി ചേർക്കുന്നതിനു വേണ്ടി തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ മേലുകാവ് പഞ്ചായത്തിന്റെ സഹകരത്തോടെ ക്യാമ്പയിൻ സംഘടിപ്പിക്കും. ഉയർന്ന ബോണസ് ഇൻഷ്വറൻസ് പരിരക്ഷ, ആദായ നികുതി ഇളവ് എന്നിവ ലഭിക്കുന്ന പദ്ധതിയിൽ 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ചേരാം. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്കും ഡിപ്ലോമ, ബിരുദധാരികൾക്കും കൂടുതൽ ആനുകൂല്യം ലഭിക്കും. തപാൽ ജീവനക്കാർ വീടുകളിലെത്തി ജനങ്ങളെ പദ്ധതിയിൽ ചേർക്കും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മേലുകാവ് പഞ്ചായത്ത് ഓഫീസിൽ വൈസ് പ്രസിഡന്റ് ഷൈനി ജോസ് നിർവഹിച്ചു. പോസ്റ്റ് ഓഫീസിലെ വിവിധ സമ്പാദ്യ പദ്ധതികളിലും ആളുകൾക്ക് ചേരാം. 10 വയസിൽ താഴെ പ്രായം ഉള്ള പെൺകുട്ടികൾക്ക് സുകന്യ സമൃധി അക്കൗണ്ട്, ആൺ കുട്ടികൾക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, 5000/ രൂപ വരെ മാസ പെൻഷൻ ലഭിക്കുന്ന പെൻഷൻ പദ്ധതി, വർഷം 20 രൂപയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് എന്നീ പദ്ധതികളിലും ആളുകൾക്ക് ചേരാം.