കോട്ടയം: സ്ഥലപരിമിതികൾക്ക് നടുവിൽ സ്ഥിതി ചെയ്തിരുന്ന ജില്ലാ ജനറൽ ആശുപത്രിയിലെ മെഡിക്കൽ റെക്കാർഡ് ലൈബ്രറി (എം.ആർ.എൽ) ക്ക് ശാപമോക്ഷം. പുതിയ കെട്ടിടം 23ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 2017ലാണ് എം.ആർ.എൽ വിഭാഗത്തിന് നൂതന സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. ഇതിനായി സർക്കാരിൽ നിന്നും 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പദ്ധതി നീളുകയായിരുന്നു. ശേഷം റീടെൻഡർ നടപടികൾ നടത്തി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.
ജില്ലാ ജനറൽ ആശുപത്രിയിലെ 65 വർഷത്തെ റെക്കാർഡ്‌സ് നശിച്ചുപോകുന്ന നിലയിലായിരുന്നു. എം.ആർ.എൽ തുറക്കുന്നതിനോടൊപ്പം യു. ഐ. ഡി നിലവിൽ വന്നതിനാൽ, സൗകര്യപ്രദമായി റെക്കാർഡുകൾ സൂക്ഷിക്കാൻ സാധിക്കും. ആശുപത്രിയുടെ പ്രധാന ബ്ലോക്കിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന് പിന്നിലായാണ് എം.ആർ.എൽ സ്ഥാപിച്ചിരിക്കുന്നത്. 1200 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മാണം.
പുതിയ കെട്ടിടം തുറക്കുന്നതോടെ, സ്ഥലപരിമതികളിൽ നിന്ന് മോചനമാകും. ക്യാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളുടെ ഒ.പി ടിക്കറ്റുകൾ, ആക്‌സിഡന്റ് രേഖകൾ തുടങ്ങിയ മെഡിക്കൽ റെക്കാർഡുകളാണ് ഇവിടെ സൂക്ഷിക്കുന്നത്. രേഖകളെല്ലാം ഡിജിറ്റിലൈസ് ചെയ്തുവരികയാണ്.