saras

കോട്ടയം . കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഉത്പന്ന പ്രദർശന വിപണന പവലിയനിലേക്കെത്തിയാൽ 83-ാം നമ്പർ സ്റ്റാളിൽ സരളയെന്ന എഴുപതുകാരിയെ കാണാം. ജീവിതമാർഗമായ കുട്ട നെയ്യുന്ന തിരക്കിലാണ് അവർ. ഈറ്റ കൊണ്ട് നിർമ്മിച്ച പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുമായാണ് സരള മേളയിലെത്തിയത്. കുടുംബശ്രീയുടെ തണലിൽ തന്റെ തൊഴിൽ മേഖലയെ പച്ച പിടിപ്പിച്ച അനേകം വനിതകളിൽ ഒരാൾ. ഭാവന ആക്ടിവിറ്റി ഗ്രൂപ്പ് എന്നാണ് സംരംഭത്തിന്റെ പേര്. കൊത്തുവിളക്ക്, നിലവിളക്ക്, കിണ്ടി, ലാമ്പ് ഷേഡ്, വിവിധ മാതൃകയിലുള്ള പഴക്കൂടകൾ, ശംഖ്, മുറം, കുട്ട, കോരുകുട്ട എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ സ്റ്റാളിനെ സമ്പന്നമാക്കുന്നു.

പല നിറങ്ങളിലുള്ള ലാമ്പ് ഷേഡുകൾക്ക് 200 മുതൽ 400 രൂപ വരെയും,​ മുറത്തിന് വലിപ്പം അനുസരിച്ച് 150 മുതൽ 350 രൂപ വരെയുമാണ് വില. എറണാകുളത്തെ രായമംഗലം പഞ്ചായത്തിലെ ഗ്രാമദീപം കുടുംബശ്രീ അംഗമാണ് സരള. പട്ടികജാതി വിഭാഗത്തിൽ പെട്ട സരളയുടെ പരമ്പരാഗത കൈത്തൊഴിലും ഉപജീവന മാർഗവും ഇതുതന്നെ. ഈറ്റ അങ്കമാലി ബാംബു കോർപ്പറേഷനിൽ നിന്നാണ് വാങ്ങുന്നത്. പത്തു വർഷം മുമ്പ് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വിപണന മേളയിലും കുടുംബശ്രീയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. മൂന്ന് സഹോദരിമാരും നിർമ്മാണത്തിൽ സരളയെ സഹായിക്കാനുണ്ട്. മകൻ സജിയും കരകൗശല നിർമ്മാണ രംഗത്ത് സജീവമാണ്.