
കോട്ടയം. റേഷൻ കടകളിൽ പുഴുക്കലരിയില്ല. വിതരണം ചെയ്യുന്നത് പച്ചരി മാത്രം. ജില്ലയിലെ രണ്ട് ലക്ഷത്തിലേറെ കാർഡുടമകളേയും സന്നദ്ധ സ്ഥാപനങ്ങളേയുമാണ് ഇത് ബാധിക്കുന്നത്.
ജില്ലയിലെ മഞ്ഞ, പിങ്ക് കാർഡുകാരെയും നോൺ പ്രയോറിറ്റി വിഭാഗത്തിലുള്ള സ്ഥാപനങ്ങളേയുമാണ് പച്ചരിപ്രശ്നം പ്രധാനമായും ബാധിക്കുന്നത്. പി.എം.ജി.കെ.വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് പച്ചരിയാണ്. ഇതോടെ റേഷൻ കടകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന പുഴുക്കരിയെയും ചാക്കരിയെയും ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാർ പ്രതിസന്ധിയിലായി. കാർഡ് ഉടമകൾക്ക് റേഷൻ വിഹിതത്തിൽ മറ്റ് അരികളോടൊപ്പം പച്ചരി ലഭിക്കുന്നുണ്ട്. അതിനൊപ്പമാണ് പി.എം.ജി.കെ.വൈ പ്രകാരം മുഴുവൻ പച്ചരി വിതരണം ചെയ്യുന്നത്. ഇത് കാരണം പച്ചരി വാങ്ങികൊണ്ടുപോകാൻ കാർഡ് ഉടമകൾ മടിക്കുന്നതായും റേഷൻ വ്യാപാരികൾ പറയുന്നു.
പച്ചരിക്കണക്കിങ്ങനെ.
മഞ്ഞ കാർഡുകൾക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്. ഇതിന് പുറമേ പി.എം.ജി കെ വൈ പദ്ധതി പ്രകാരം ഒരംഗത്തിന് 5 കിലോ അരി ലഭിക്കും. ഇതിൽ പച്ചരി മാത്രമായതോടെ നാല് പേരടങ്ങുന്ന കുടുംബത്തിലേക്ക് ഒരു മാസമെത്തുന്നത് 30 കിലോയോളം പച്ചരിയാണ്. അടുത്ത മാസവും ഈ സ്ഥിതി തുടരുന്ന സൂചനയാണെന്ന് വ്യാപാരികൾ പറയുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവൂ.
മഞ്ഞ കാർഡുകൾ: 34769.
പിങ്ക് കാർഡുകൾ: 181044.
വീട്ടമ്മയായ ശ്രീലേഖ ഉണ്ണികൃഷ്ണൻ പറയുന്നു.
പച്ചരി പൊടിച്ച് സൂക്ഷിക്കുന്നതിനും പരിധിയുണ്ടല്ലോ. കുത്തരി കിട്ടാതായതോടെ പുറത്ത് നിന്ന് വലിയ വിലകൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയാണ്'.
റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജിമ്മി തോമസ് പറയുന്നു.
പുഴുക്കലരി ക്ഷാമം കാർഡുമകളെ നന്നായി ബാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടത്.