xmas

കോട്ടയം. കൊവിഡിന്റെ ആഘാതത്തിന് ശേഷം പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരുകയാണ് ക്രിസ്മസ് വിപണി. അലങ്കാര നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുകളും വാങ്ങാനുള്ള തിരക്കിന് പുറമേ ഗൃഹോപകരണ വിൽപ്പനശാലകളിലും തുണിക്കടകളിലും കൂട്ടമായി ആളുകളെത്തുന്നു.

എൽ.ഇ.ഡി, നിയോൺ നക്ഷത്രങ്ങൾക്കും ചുവപ്പും വെള്ളയും ഇടകലർന്ന വാൽനക്ഷത്രങ്ങൾക്കുമാണ് ആവശ്യക്കാരേറെ. പുൽക്കൂടിനുള്ളിൽ തൂക്കുന്ന 10 രൂപയുടെ മുതൽ 1000 രൂപയുടെ വരെയുള്ള കടലാസ് നക്ഷത്രങ്ങളും വിപണിയിലുണ്ട്. പ്ലാസ്റ്റിക്, ഫൈബർ നാരുകളിൽ തീർത്ത വെളുത്ത ക്രിസ്മസ് ട്രീയാണ് മറ്റൊരു താരം. അലങ്കരിച്ച റെഡിമെയ്ഡ് ക്രിസ്മസ് ട്രീകൾ തേടിയും ആളുകളെത്തുന്നു. 500 മുതൽ 3000 വരെയാണ് ക്രിസ്മസ് ട്രീകളുടെ വില. അലങ്കാര വസ്തുക്കൾക്ക് പൊള്ളുന്ന വിലയാണെങ്കിലും ട്രീകൾ ഭംഗിയാക്കാൻ ക്രിസ്മസ് ബോളുകളും സമ്മാനപ്പൊതികളും മണികളുമൊക്കെ തേടി കടകൾ കയറിയിറങ്ങുന്നവർ ധാരാളം. തടിയിലും മുളയിലും തീർത്ത പുൽക്കൂടുകൾക്കും ആവശ്യക്കാരേറെ. ഈറ്റ, ചൂരൽ, ഹാർഡ്‌ബോർഡ്, പ്ലാസ്റ്റർ ഒഫ് പാരീസ്, തെർമോക്കോൾ എന്നിവയിൽ തീർത്ത പുൽക്കൂടുകളും സുലഭമാണ്.

ഓഫറുകളുമായി വിപണി.

ഗൃഹോപകരണ സ്ഥാപനങ്ങൾ ഓഫറുകളുമായി വിപണി ഉഷാറാക്കുന്നു. ക്രിസ്മസ് അടുത്തതോടെ തിരക്ക് കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അമ്പതിനായിരം രൂപയ്ക്ക് ഒരു വീട്ടിലേയ്ക്കുള്ള മുഴുവൻ സാധനങ്ങളും നൽകുന്ന പാക്കേജിനാണ് ആവശ്യക്കാർ ഏറെ.എ.സിയും ടി.വിയും വാഷിംഗ് മെഷീനുമൊക്കെ ഓഫറിൽ വാങ്ങുന്നവരുമുണ്ട്. തുണിക്കടകളിലും കഴിഞ്ഞ ക്രിസ്മസിനേക്കാൾ തിരക്കാണ്.

സാന്തോക്ളാസ് വഴി മുതൽ

തെരുവിലും കടകളിലുമെല്ലാം സാന്താക്ലോസ് വേഷം കിട്ടും. 100 മുതൽ 260 രൂപ വരെയാണ് മുഖം മൂടിയുടെ വില. 260 രൂപ മുതൽ 1200 രൂപ വരെ വിലയുള്ള സാന്താക്ലോസ് വേഷങ്ങളും തയ്യാർ. എൽ.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പികളുമുണ്ട്. ക്രിസ്മസ് മണികളും മാനുകളും തേടിയും ആളുകൾ എത്തുന്നുണ്ട്.

കേക്ക്, വൈൻ വിപണി.

ക്രിസ്മസിന് ആഴ്ചകൾക്ക് മുൻപ് ഉണർന്ന കേക്ക്, വൈൻ വിപണി പുതുവർഷം വരെ നീളുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. വിവിധ ഫ്‌ളേവറിൽ കേക്കുകൾ ലഭ്യമാണെങ്കിലും പ്ലം കേക്കുകളോടാണ് പ്രിയം. കേക്കും വൈനും ഡ്രൈ ഫ്രൂട്ട്‌സും അടങ്ങുന്ന ഗിഫ്റ്റ് ഹാംപറുകളാണ് ബേക്കറിയിൽ ഏറ്റവുമധികം വിറ്റുപോകുന്നത്.