cow

കോട്ടയം. കറവപ്പശുക്കൾക്ക് ചർമമുഴ, പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും പക്ഷിപ്പനിയും. ജില്ലയിലെ കർഷകരുടെ ഗതികേട് മാറുന്നില്ല. കൊന്ന പന്നികളുടേയും താറാവുകളുടെയും നഷ്ടപരിഹാരം ലഭിച്ച് തുടങ്ങിയിട്ടുമില്ല.

ഒഡീഷയിൽ തുടങ്ങിയ ചർമമുഴ ജില്ലയിലെത്താൻ അധികം വേണ്ടിവന്നില്ല. പശുക്കളുടെ പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറഞ്ഞു. ക്ഷീരമേഖലയെ അപ്പാടെ പിടിച്ചുലച്ച സാംക്രമിക ചർമമുഴ രോഗം നിയന്ത്രണ വിധേയമായപ്പോഴേയ്ക്കും ക്ഷീരകർഷകരുടെ നട്ടെല്ലൊടിഞ്ഞു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം ഭരണങ്ങാനം, മുളക്കുഴ, ആർപ്പൂക്കര, പൈക എന്നിവിടങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചത്. ക്രിസ്മസ് ലാക്കാക്കി വളർത്തിയ പന്നിക്കൂട്ടങ്ങളെ കൊല്ലേണ്ടി വന്നു. പന്നിയിറച്ചിയുടെ ഡിമാൻഡ് കുറഞ്ഞത് ബാക്കിയുള്ള കർഷകരേയും പ്രതിസന്ധിയിലാക്കി. ഇപ്പോൾ മേഖല ഏറെക്കുറെ മന്ദീഭവിച്ച അവസ്ഥയാണ്. പല കർഷകർക്കും പന്നികൾ വിൽക്കാൻ കെട്ടിക്കിടപ്പുണ്ട്. ഇടനിലക്കാർ വിലയിടിച്ച് വാങ്ങാൻ ശ്രമിക്കുന്നു. പന്നിക്കുഞ്ഞുങ്ങളുടെ വിപണിയും ഏറെക്കുറെ തളർച്ചയിൽത്തന്നെയാണ്. പന്നിപ്പനി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നിക്ഷേപത്തിൽനിന്ന് കർഷകർ വിട്ടുനിൽക്കുന്നു. വലിയ ഫാമുകൾ പലതും ബ്രീഡിംഗ് നിർത്തി. പന്നിപ്പനി ഭീതി മാറിയിൽ വിപണി വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

സീസണടച്ച് പക്ഷിപ്പനി.

തലയാഴം, ആർപ്പൂക്കര പഞ്ചായത്തുകളിൽ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിക്കൊണ്ടുവന്ന താറാവുകളെയാണ് കഴിഞ്ഞ ദിവസം കൊന്ന് കത്തിച്ചത്. ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽ പന്നിയിറച്ചിക്ക് വിപണി കുറഞ്ഞതോടെ കോഴിവിലയിൽ നേരിയ വർദ്ധനയുണ്ടായിരുന്നു. നോമ്പുകാലത്ത് പൊതുവേ വില കുറയാറുണ്ടെങ്കിലും ഇപ്പോൾ ശരാശരി 130 രൂപയാണ് വില. എന്നാൽ, പക്ഷപ്പനി റിപ്പോർട്ട് ചെയ്തതോടെ കോട്ടയത്ത് ഇറച്ചി, മുട്ട തുടങ്ങിയവ ഉപയോഗിക്കുന്നതിലും വിൽപന നടത്തുന്നതിനും നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും വിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല.

കൃഷി ഉപേക്ഷിക്കുന്നു

കുത്തനെ ഉയർന്ന തീറ്റവില .

രോഗങ്ങൾ മൂലമുള്ള നഷ്ടം.

ഇടനിലക്കാരുടെ ചൂഷണം.


ജില്ലാ മൃഗസംരക്ഷ ഓഫീസർ ഡോ.ഷാജി പണിക്കശേരി പറയുന്നു.

ദയാവധം ചെയ്ത താറാവുകളുടെ കണക്കെടുപ്പ് പൂർത്തിയായി. നഷ്ടപരിഹാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.