
കോട്ടയം. മലനിരകൾക്കിടയിലെ കോടമഞ്ഞും കാറ്റും കണ്ണഞ്ചിപ്പിക്കുന്ന ആകാശക്കാഴ്ചയും കാണാൻ സഞ്ചാരികൾ ഇല്ലിക്കൽ കല്ലിലേയ്ക്കെത്തുന്നു. ക്രിസ്മസ്, ന്യൂ ഇയർ ഉത്സവസീസണും അവധിയും ആകുന്നതോടെ തിരക്ക് ഇനിയും കൂടാം. മൂന്ന് പാറക്കൂട്ടങ്ങൾ ചേരുന്ന, സമുദ്രനിരപ്പിൽ നിന്ന് നാലായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് ജില്ലയുടെ കിഴക്കൻ മേഖലയായ തലനാട് പഞ്ചായത്തിലാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഹിൽടോപ്പ് ടൂറിസത്തിന്റെ ഭാഗമാണിത്. മൺസൂൺ കാലത്തും ശൈത്യകാലത്തുമാണ് കൂടുതൽ പേർ എത്തുന്നത്.
അടുത്തകാലത്തായി ഇവിടേയ്ക്കുള്ള റോഡുകൾ നവീകരിക്കുകയും പടവുകൾ സ്ഥാപിക്കുകയും ചെയ്തു. മുകളിലേയ്ക്ക് ജീപ്പ് സർവീസുമുണ്ട്. ചെറിയ കോഫി ഷോപ്പുകളും വാഹനപാർക്കിംഗും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി.
വരുമാനത്തിലും വർദ്ധന.
ഡി.ടി.പി.സി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ടൂറിസം മേഖലകളിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് ഇല്ലിക്കൽ കല്ലിൽ നിന്നാണ്. കൊവിഡ് കാലത്തിന് ശേഷം സാധാരണ ദിവസങ്ങളിൽ 10000 രൂപയും അവധി ദിവസങ്ങളിൽ അറുപതിനായിരം രൂപയുമാണ് വരുമാനം. ടിക്കറ്റ് ചാർജ് 20 രൂപയും സീനിയർ സിറ്റിസൺസിന് 13 രൂപയുമാണ്.
ഡി.ടി.പി.സി സെക്രട്ടറി പറയുന്നു.
ക്രിസ്മസ്, ന്യൂ ഇയർ അവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ തിരക്കും വരുമാനവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.