പാലാ: 40ാമത് പാലാ രൂപതാ ബൈബിൾ കൺവൻഷൻ അഭിഷേകാഗ്‌നിക്ക് ഇന്ന് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും.

അട്ടപ്പാടി റൂഹാമൗണ്ട് മൊണാസ്ട്രി സുപ്പീരിയർ ഫാ. സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവൻഷൻ നയിക്കുന്നത്. ഈ വർഷം സായാഹ്ന കൺവൻഷനായിട്ടാണ് നടത്തുന്നത്. എല്ലാദിവസവും ഉച്ചതിരിഞ്ഞ് 3.30ന് ജപമാല, 4 ന് വി.കുർബാന, രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ഇന്ന് വൈകിട്ട് 5ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാർ തുടങ്ങിയവർ കൺവൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും. 23ന് കൺവൻഷൻ സമാപിക്കും. കൺവൻഷന്റെ വിജയത്തിനായി 1001 അംഗ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു. ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ പന്തലാണ് കൺവൻഷനായി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്.