മൂന്നാനിക്ക് പിന്നാലെ മുരിക്കുംപുഴയിലും മാലിന്യം
പാലാ: മൂന്നാനിയിൽ കക്കൂസ് മാലിന്യമെങ്കിൽ മുരിക്കുംപുഴയിൽ റബർ കാലുറ... പാലായിലെ മാലിന്യംതള്ളൽ തുടരുന്നു. അതേസമയം മുരിക്കുംപുഴയിൽ മാലിന്യം തള്ളിയ സംഭവത്തിൽ പാലാ നഗരസഭ അടിയന്തിര നടപടി സ്വീകരിച്ചു. മൂന്നാനിയിൽ കക്കൂസ് മാലിന്യം തള്ളിയതിനു പിന്നാലെ പാലാ തെക്കേക്കര മുരിക്കുംപുഴയിൽ മൂന്നു ചാക്കുകളിലായി റബർ കാലുറയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് തള്ളിയത്. ഇന്നലെ രാവിലെയാണിത് മാലിന്യം കണ്ടെത്തിയത്. നഗരസഭാ 13ാം വാർഡിലെ മുരിക്കുംപുഴ ഇടമറ്റം റോഡിൽ മാരുതി വർക്ക്‌ഷോപ്പിന് തൊട്ടു മുന്നിലാണ് മാലിന്യം തള്ളിയത്. ഇതിന് സമീപം ഡി.ജി.പി. ഡോ.ബി. സന്ധ്യയുടെ തറവാട് വീട് ഉൾപ്പെടെ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. മാലിന്യം കണ്ടെത്തിയ ഉടൻതന്നെ നഗരസഭാ 13ാം വാർഡ് കൗൺസിലർ സന്ധ്യ വിനുകുമാർ പാലാ നഗരസഭാ ആരോഗ്യ വിഭാഗത്തിൽ വിവരമറിയിച്ചു. പാലാ നഗരസഭാ ആരോഗ്യ വിഭാഗം ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ വിഷയത്തിൽ ഇടപെട്ടതോടെ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി മാലിന്യക്കെട്ടുകൾ പരിശോധിക്കുകയും കോരി മാറ്റുകയും ചെയ്തു. പരിശോധനയിൽ ഒരു പവർ ടൂൾ സ്ഥാപനക്കാരന്റെ ബില്ലുകൾ ലഭിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ വെളിപ്പെടുത്തി.
ഇയാളെ തുടർച്ചായി ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേതുടർന്ന് ഇന്ന് രാവിലെ നഗരസഭാ ഓഫീസിൽ ഹാജരാകാൻ സ്ഥാപന ഉടമയ്ക്ക് നേരിട്ട് നോട്ടീസ് നൽകും. ഒപ്പം പൊലീസിലും പരാതി നൽകും. പരാതി കിട്ടിയാൽ നഗരസഭയുടെ പിഴയ്ക്ക് പുറമേ പൊലീസും പിഴയടപ്പിക്കും. ഡി.ജി.പി ഡോ. ബി. സന്ധ്യയുടെ തറവാട് വീടിനു സമീപമാണ് മാലിന്യം തള്ളിയത് എന്നത് പൊലീസ് ഗൗരവപരമായാണ് കാണുന്നത്.
അന്വേഷണം ഊർജ്ജിതം
മൂന്നാനിയിൽ തുടർച്ചയായി കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഫോട്ടോ അടിക്കുറിപ്പ്
1. പാലാ മുരുക്കുംപുഴ റോഡിൽ ഇന്നലെ തള്ളിയ മാലിന്യം.
2. മുനിസിപ്പൽ ജീവനക്കാരെത്തി മാലിന്യം കോരിമാറ്റിയപ്പോൾ