മുണ്ടക്കയം: കുറുനരി മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ വേലനിലം മേഖലയിൽ ആശങ്ക. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ വേലനിലം ഭാഗത്ത് രണ്ടുപേരെയാണ് കുറുനരി കടിച്ചത്. വെള്ളിയാഴ്ച വേലനിലം കുറ്റിയാനിക്കൽ ജോസ് കുട്ടിയെ ആക്രമിച്ച കുറുനരിക്കും പേ വിഷബാധ സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ പത്തിന് പഞ്ചായത്തംഗം ജോമി തോമസിന് നേരെയാണ് ആദ്യം കുറുനരിയുടെ ആക്രമണം ഉണ്ടായത്. നാട്ടുകാർ തല്ലിക്കൊന്ന കുറുനരിയെ വനംവകുപ്പ് അധികൃതത്തരെത്തി പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. തെരുവ് നായകൾക്കൊപ്പമെത്തിയ കുറുനരിയാണ് ജോസുകുട്ടിയെ ആക്രമിച്ചതെന്നും പറയപ്പെടുന്നു. ഇതോടെ തെരുവ് നായകളിലേക്ക് പേവിഷബാധ പടരുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ അക്രമിക്കുന്ന കുറുനരിയെ തല്ലിക്കൊല്ലുന്ന നാട്ടുകാർക്കെതിരെ വനംവകുപ്പ് കേസെടുക്കുമെന്നതിനാൽ പല ആളുകളും പുറത്തുപറയാൻ തയാറാകാറില്ല. അതേസമയം രണ്ടുപേരെ കുറുനരി മാരകമായി പരിക്കേൽപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. രാത്രികാലങ്ങളിൽ പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് ആവശ്യപ്പെട്ടു.