പാലാ: മഹാഗുരുവിന്റെ സന്നിധിയിലേക്ക് പദയാത്ര നടത്തുന്ന ഭക്തസമൂഹത്തിന് പുണ്യപ്രസിദ്ധമായ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ പീതാംബരദീക്ഷ. ഇന്നലെ ത്രിസന്ധ്യയിൽ ദീപാരാധനയ്ക്കും വിശേഷാൽ പൂജകൾക്കും ശേഷം മഹാഗുരുസന്നിധിയിലാണ് ശിവഗിരി തീർത്ഥാടന പദയാത്രികരെ പീതാംബരദീക്ഷ അണിയിച്ചത്.

വലതുകൈയ്യിൽ മഞ്ഞച്ചരട് കെട്ടി ആനന്ദഷണ്മുഖ ഭഗവാനെയും മഹാഗുരുവിനെയും വണങ്ങി ഓരോ പദയാത്രികരും ഗുരുമാർഗ്ഗത്തിലായി. ഇനിയുള്ള പന്ത്രണ്ട് നാൾ ഇവർക്ക് വ്രതനിഷ്ഠജീവിതം. ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം മേൽശാന്തി വൈക്കം സനീഷ് ശാന്തിയാണ് പീതാംബരദീക്ഷയണിയിച്ചത്. ഇന്നലെ അമ്പതോളം പേരാണ് പീതാംബരദീക്ഷ ഏറ്റുവാങ്ങിയത്. മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ. ഉല്ലാസ്, സജീവ് വയല, കെ.ആർ. ഷാജി, രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പംകുളം, സജി ചേന്നാട് എന്നിവക്കൊപ്പം ഇടപ്പാടി ദേവസ്വം ഭാരവാഹികളായ സതീഷ് മണി കല്ല്യാ, കണ്ണൻ ഇടപ്പാടി, കെ.ആർ.ഷാജി തുടങ്ങിയവരും പീതാംബരദീക്ഷാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 25ന് രാവിലെ 6.30 നാണ് ഇടപ്പാടി ക്ഷേത്ര സന്നിധിയിൽ നിന്നും ശിവഗിരി തീർത്ഥാടനപദയാത്ര ആരംഭിക്കുന്നത്. സുരേഷ് ഇട്ടിക്കുന്നേലാണ് ജാഥാ ക്യാപ്റ്റൻ. എം.ആർ. ഉല്ലാസ്, സജീവ് വയല, കെ.ആർ. ഷാജി എന്നിവർ വൈസ് ക്യാപ്റ്റൻമാരാണ്.