മുക്കൂട്ടുതറ : ശബരിമല തീർത്ഥാടകരുടെയും യാത്രക്കാരുടെയും പേടിസ്വപ്‌നമായ ഉമ്മികുപ്പയിലെ കൊടുംവളവ് നിവർത്താനും അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും നടപടിയില്ല. രണ്ട് വലിയ വളവുകളാണ് ശബരിമലപാതയുടെ സമാന്തരപാതയായ ഇവിടെയുള്ളത്. മുക്കൂട്ടുതറ, ഇടകടത്തി, കണമല റോഡിൽ ഉമ്മിക്കുപ്പ ഹൈസ്‌കൂളിന് സമീപമാണ് ഇറക്കത്തോടെയുള്ള അപകടവളവുകൾ സ്ഥിതി ചെയ്യുന്നത്. വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. എതിർ ദിശയിൽ എത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാണാൻ സാധിക്കുന്നത്. റോഡിന് വേണ്ടത്ര വീതിയുമില്ല. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നു. ശബരിമലയിലേക്കുള്ള പ്രധാന പാതയിൽ തടസം നേരിട്ടാൽ വാഹനങ്ങൾ കടത്തിവിടുന്നത് ഉമ്മികുപ്പയിലൂടെയാണ്.