buffer

പ്രകൃതി ശാസ്ത്രജ്ഞരായി അറിയപ്പെടുന്ന ഗാഡ്ഗിൽ, കസ്തൂരി രംഗൻ തുടങ്ങിയ പേരുകൾ കേട്ടാൽ കേരളത്തിൽ പലരുടെയും ചോര തിളക്കുന്നതിനിടയിലാണ് ബഫർസോണിനെചൊല്ലിയുള്ള പുതിയ വിവാദം.

കേരളത്തിലെ വനഭൂമിയോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശമാണ് ബഫർസോണായി കണക്കാക്കുന്നത്. കാടു കൈയേറിയും അല്ലാതെയും വർഷങ്ങളായി ഇവിടെ ജനവാസമേഖലയാണ്. പരിസ്ഥിതി ലോല പ്രദേശമായതിനാൽ ജനങ്ങൾക്ക് മരം വെച്ചു പിടിപ്പിക്കാനോ നിർമാണം നടത്താനോ ആവില്ല . ബാങ്കു വായ്പയും ലഭിക്കില്ല . വനത്തോട് ചേർന്നു താമസിക്കുന്നവർ എങ്ങനെ പ്രതിഷേധിക്കാതിരിക്കും.

കൃത്യമായി ബഫർസോൺ ഏരിയ കണ്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ ഉപഗ്രഹസർവ്വേ നടത്താൻ തീരുമാനിച്ചു. റബർ തോട്ടമാണെങ്കിലും പച്ചപ്പ് കണ്ടാൽ ഉപഗ്രഹം അത് വനമേഖലയായും . പരിസ്ഥിതി ലോലമെങ്കിലും പുൽമേട് കണ്ടാൽ കരഭൂമിയായും കണ്ടെത്തും എന്നൊരു ദോഷമുണ്ട് .ഉപഗ്രഹ സർവ്വേനടത്തിയതിന്റെ കരട് റിപ്പോർട്ട് പുറത്തു വന്നതോടെ പ്രശ്നമായി .ചെറിയ വീടുകളും കടകളുമൊന്നും ഉപഗ്രഹചിത്രത്തിലില്ല. റബർ തോട്ടവും മറ്റും പച്ചപ്പ് നിറഞ്ഞ കാടുമായി. ഇതോടെ പ്രതിഷേധസമരവുമായി മലയോര വാസികൾക്കൊപ്പം ചൂട്ടു പിടിച്ച് യു.ഡി.എഫും രംഗത്തുവന്നതോടെ രാഷ്ട്രീയ വിവാദമായി. ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വോട്ട് ബാങ്കായ മലയോര വാസികളെ പിണക്കുന്നത് ദോഷമാകുമെന്ന തിരിച്ചറിവിൽ പ്രശ്നം നീട്ടിക്കൊണ്ടു പോകാൻ സർക്കാർ സ്ഥിരം നമ്പർ പ്രയോഗിച്ചു. ഹൈക്കോടതി മുൻ ജഡ്ജി തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ചു. നേരിട്ടുള്ള പരിശോധന നടത്തി കൃത്യത ഉറപ്പാക്കേണ്ട ചുമതല സമിതിക്ക് നൽകിയെങ്കിലും കേരളത്തിലെ 115 വില്ലേജുകളിലെ ജനവാസ മേഖല റവന്യൂ രേഖകളുടെ സഹായത്തോടെ നേരിട്ടു പരിശോധിച്ച് മേഖല നിർണയിക്കേണ്ടത് ബുദ്ധിമുട്ടായതിനാൽ സമിതി കൊട്ടത്താപ്പു പരിശോധന നടത്തുകയാണെന്നാണ് ജനങ്ങളുടെ പരാതി. പരിശോധനയ്ക്ക് മൂന്നു മാസമാണ് സർക്കാർ വിദഗ്ദ്ധസമിതിക്ക് നൽകിയത്. സ്ഥല പരിശോധനയെക്കുറിച്ച് ആശയ കുഴപ്പമുണ്ടായതോടെ മലയോര ജനത പ്രക്ഷോഭ പാതയിലാണ് .അവരെ പിന്തുണച്ച് ക്രൈസ്തവ ബിഷപ്പുമാരും രംഗത്തെത്തിയതു കണ്ട് യു.ഡി.എഫും വിഷയം ഏറ്റുപിടിച്ചതോടെ സർക്കാനെതിരായ വിമോചന സമര നീക്കമായാണ് ഇടതു മുന്നണി നേതാക്കൾ പ്രതിഷേധ സമരത്തെ കാണുന്നത്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടു പോലെ വിദഗ്ദ്ധസമിതിക്കെതിരെയും എതിർപ്പ് ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലാണ് . ഉപഗ്രഹസർവേയിൽ കോട്ടയം ജില്ലയിൽ പമ്പാവാലിയും എയ്ഞ്ചൽ വാലിയും വനമേഖലയായി കണ്ടെത്തിയതോടെ അവിടുള്ള ജനങ്ങളും പ്രതിഷേധ സമരത്തിലാണ്.

ജനങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് സർക്കാർ ആണയിടുന്നുണ്ടെങ്കിലും മുൻ അനുഭവം വെച്ച് കുറുപ്പിന്റെ ഉറപ്പു പോലെ കാണുന്നതിനാൽ മലയോരവാസികൾക്ക് സർക്കാരിന്റെ വാക്കിൽ വിശ്വാസം പോര . പൊതിയാതേങ്ങയായ ബഫർസോൺ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാരയാകുമോ എന്ന പേടിയിൽ എങ്ങനെയും പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ സർക്കാരിനിട്ട് പണികൊടുക്കാൻ പറ്റിയ വിഷയമായി പ്രതിപക്ഷവും സമരക്കാർക്കൊപ്പം ഏറ്റുപിടിച്ചതിനാൽ ഇത് ഉടനെങ്ങും കെട്ടടങ്ങുമെന്നു തോന്നുന്നില്ല.