ചങ്ങനാശേരി : ചങ്ങനാശേരി വാഴൂർ ഒന്നാം നമ്പർ സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലെ ഓടകൾ തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദിനംപ്രതി നിരവധി സ്വകാര്യ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്നവരുമടക്കം നിരവധി യാത്രക്കാർ വന്നുപോകുന്നുണ്ട്. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും തകർന്ന് ഓടയുടെ സ്ലാബുകളുടെ മുകളിലൂടെയാണ്. ഇത് പൂർണ്ണമായും സ്ലാബുകൾ തകർന്നുവീഴുന്നതിനും ഇടയാക്കും. കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. ഓടയ്ക്ക് മുകളിൽ അപായസൂചകം സ്ഥാപിച്ചിട്ടുണ്ട്. തകർന്ന സ്ലാബ് മാറ്റി അപകടസാദ്ധ്യത ഒഴിവാക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.