പാലാ : ലോകകപ്പിൽ മെസ്സി മുത്തമിടുമ്പോൾ ലോകത്തിനൊപ്പം ആവേശത്തിന്റെ അലകളിൽ പാലായും. മുനിസിപ്പൽ ടൗൺഹാളിൽ തിങ്ങിനിറഞ്ഞ യുവത ഏറ്റു പാടി; 'വാമോസ് അർജന്റീനാ, വാമോസ്. കാൽപ്പന്തിന്റെ കിരീടം അർജന്റീന ചൂടിയ നിമിഷം കായിക കേരളത്തിന്റെ കളിത്തൊട്ടിലായ പാലാ ആഘോഷമാക്കി. ഫൈനൽ മത്സരത്തിനു മണിക്കൂറുകൾക്ക് മുന്നേ തന്നെ പാലായിലെ യുവജനതയുടെ വഴികൾ മുനിസിപ്പൽ ടൗൺ ഹാളിലേക്കായി. അർജന്റീനയുടെ ജഴ്‌സിയും പതാകകളുമേന്തി ടൗൺ ഹാളിലെ നിറഞ്ഞ കസേരകളിൽ അവർ സ്ഥാനം പിടിച്ചു. മുന്നിലെ കൂറ്റൻ സ്‌ക്രീനിൽ അർജന്റീനയുടെ നീലവാനച്ചോല. ആർപ്പുവിളിച്ചും, ജഴ്‌സിയൂരി വീശിയും, ഒരു വേള വേദിയിൽ കയറിയും കാണികളുടെ ആവേശം. പാലാ ടൗൺ ഹാളിൽ എൽ.ഇ.ഡി ബിഗ് സ്‌ക്രീനിൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പാലാക്കാർക്ക് അവസരമൊരുക്കിയത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റും, പാലാ നഗരസഭയും സംയുക്തമായാണ്. കായിക പ്രേമികൾക്കായി ഇവർ ഒരുക്കിയ കാഴ്ചയുടെ വിരുന്ന് ഏറെ ആവേശത്തോടെ ഫുട്‌ബാൾ പ്രേമികൾ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, യൂത്ത് വിംഗ് പ്രസിഡന്റ് ആന്റണി അഗസ്റ്റ്യൻ, സെക്രട്ടറി ജോൺ, ട്രഷറർ എബിസൺ ജോസ്, പ്രോഗ്രാം കോർഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.