പാലാ : നഗരസഭാ ചെയർമാൻ സ്ഥാനം മുൻധാരണപ്രകാരം ഇടതുമുന്നണിയിൽ വീതം വയ്ക്കുമ്പോൾ ചെയർമാൻ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും ഒരേ സമയം സി.പി.എമ്മിന് കിട്ടുന്നതിൽ ഘടകകക്ഷികൾ എതിർപ്പുയർത്തുന്നു. ഒരു വർഷത്തേക്ക് ചെയർമാൻ സ്ഥാനം സി.പി.എമ്മിന് വിട്ടുകൊടുക്കുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിന്‌ വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന്‌ കേരള കോൺഗ്രസ് (എം) നേതാവ് വെളിപ്പെടുത്തി. നിലവിൽ മൂന്ന് വർഷത്തേക്ക് സിപി.എമ്മിന് വൈസ് ചെയർപേഴ്‌സൺ പദവിയാണ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ ധാരണപ്രകാരം സി.പി.എമ്മിന് ചെയർമാൻ സ്ഥാനം ഉടൻ കൈമാറാനിരിക്കെ ആ ഒരു വർഷമെങ്കിലും വൈസ് ചെയർമാൻ സ്ഥാനം തങ്ങൾക്ക്‌ വേണമെന്നും അടുത്ത വർഷം വീണ്ടും ചെയർമാൻ മാറുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം സി.പി.എമ്മിന് വീണ്ടും തിരികെ നൽകാമെന്നുമാണ് ഘടകകക്ഷികൾ പറയുന്നത്. 28 ന് നഗരസഭാ ചെയർമാൻ ആന്റോജോസ് രാജിവയ്ക്കും. ചെയർമാൻ സ്ഥാനം സംബന്ധിച്ച് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും യഥാസമയം ചെയർമാൻ സ്ഥാനത്തെ സംബന്ധിച്ച് യുക്തമായ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും ഒരു സി.പി.എം നേതാവ് പറഞ്ഞു.