പാലാ : പാർക്ക് ചെയ്യാൻ പാടില്ലാത്തിടത്ത് മാത്രം പാർക്കിംഗ്! പാലാ നഗരവീഥിയിലെ സ്ഥിരം കാഴ്ചയാണിത്. നഗരത്തിൽ എവിടെയൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല എന്നറിയണമെങ്കിൽ വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്തിട്ടുണ്ടെന്ന് നോക്കിയാൽ മതി. നഗര റോഡിൽ നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തൊക്കെ പാർക്കിംഗ് പാടില്ലെന്ന കർശന നിർദ്ദേശം വർഷങ്ങൾക്ക് മുന്നേ ഗതാഗത ഉപദേശകസമിതിയുടേതായിട്ടുണ്ട്. പക്ഷേ രണ്ട് വർഷമായി ഇതാരും പാലിക്കുന്നതേയില്ല. ഏറ്റവും തിരക്കുള്ള ഭാഗം എന്നുപറയുന്നത് കുരിശുപള്ളി ജംഗ്ഷൻ മുതൽ ളാലം പാലം ജംഗ്ഷൻ വരെയുള്ള സ്ഥലമാണ്. ഇവിടെ റോഡിന് ഇരുവശവും വാഹനങ്ങൾ മണിക്കൂറുകളോളം നിറുത്തിയിട്ടിരിക്കുന്നത് കാണാം. ടി.ബി റോഡിലെയും ന്യൂബസാർ റോഡിലേയും അവസ്ഥയും വ്യത്യസ്തമല്ല.
കാൽനടയാത്രക്കാരുടെ കാര്യം കഷ്ടം
ടി.ബി റോഡിൽ ഒരു വാഹനങ്ങളും പാർക്ക് ചെയ്യാൻ പാടില്ലെന്നുള്ള കർശന നിർദ്ദേശം വർഷങ്ങൾക്ക് മുന്നേയുണ്ട്. പക്ഷേ ഇപ്പോൾ ടി.ബി റോഡിലൂടെ കാൽനടക്കാർക്കൊന്ന് സഞ്ചരിക്കണമെങ്കിൽ വാഹനങ്ങൾക്കിടയിലൂടെ മാത്രമേ പോകാൻ കഴിയൂ. തലങ്ങും വിലങ്ങും വാഹനങ്ങൾ കിടക്കുന്ന ടി.ബി റോഡുവഴി മറ്റ് വാഹനങ്ങൾക്കൂടി കടന്നുവരുന്നതോടെ ശ്വാസംമുട്ടും. ന്യൂബസാർ റോഡ് എന്നറിയപ്പെടുന്ന പഴയ ന്യൂ തിയേറ്റർ റോഡിലും അനധികൃത പാർക്കിംഗ് ഉണ്ടാക്കുന്ന ഗതാഗത തടസ്സം ചില്ലറയല്ല. ഇന്നലെ ഉച്ചയ്ക്ക് 11.30 മുതൽ 12.30 വരെ പലരും ഇത് നേരിട്ട് അനുഭവിച്ചു.
ഞങ്ങൾ കാഴ്ചക്കാർ
ട്രാഫിക് പൊലീസും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ കാഴ്ചക്കാർ മാത്രമാണ്. വഴിവക്കിൽ എവിടെയെങ്കിലും കിടന്നുള്ള വാഹന പരിശോധന മാത്രം മുറയ്ക്ക് നടക്കുന്നു എന്നല്ലാതെ ട്രാഫിക് പൊലീസിനെക്കൊണ്ട് പാലായിൽ കാര്യമായ പ്രയോജനമൊന്നുമില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന ആവശ്യമാണുയരുന്നത്.