നിർമ്മാണോദ്ഘാടനം 23ന്
ചങ്ങനാശേരി: മുൻസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നു.ഇതിനായി അഞ്ചുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ചെറിയ ഒരു മഴ പെയ്താൽപോലും ഉണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് സ്റ്റേഡിയത്തിന് തീരാശാപമായിരുന്നു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ എം.എൽ.എയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർനടപടിയായാണ് നവീകരണം. നിർമാണോദ്ഘാടനം 23ന് വൈകുന്നേരം 5ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാൻ നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാഥിതിയാകും. ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ആശംസ പറയും.
സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിൽ പഴയ ഗാലറി പൊളിച്ചു പുതിയ ഗ്യാലറി നിർമ്മിക്കാൻ നടപടിയെടുക്കും. ഫിറ്റ്‌നസ് സെന്ററിലേക്കുള്ള ഉപകരണങ്ങളൊഴിച്ചുള്ള ടെൻഡർ നടപടികൾ എല്ലാംതന്നെ പൂർത്തിയായെന്നും എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കി പൊതുജനത്തിനായി സ്റ്റേഡിയം സമർപ്പിക്കുമെന്നും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.
പുതിയ സംവിധാനങ്ങൾ
ഫുട്‌ബാൾ കളിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള നാച്ചുറൽ ടർഫ് നിർമ്മിക്കും. കിഴക്കുഭാഗത്തുള്ള ഗാലറിക്ക് മുകളിൽ രാജ്യാന്തര നിലവാരത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ച് ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര നിർമ്മിക്കും. വോളിബോൾകോർട്ട്, വെള്ളത്തിനുവേണ്ടി കുഴൽ കിണർ, ഫിറ്റ്‌നസ് സെന്റർ, ക്രിക്കറ്റ് പിച്ച്, വോളിബോൾകോർട്ട്, ഡ്രെയിനേജ് സിസ്റ്റം, ടർഫിന്റെ ജലസേചനത്തിനായി പോപ്പ് അപ്പ്‌സ്പിംഗ്ലർ സിസ്റ്റം, ഫ്‌ളഡ്‌ലിറ്റ് സൗകര്യം എന്നിവയും പദ്ധതിയിലുണ്ട്.