കോട്ടയം : ഒരു കാലത്ത് പ്രതാപത്തോടെ ഒഴുകിയിരുന്ന ഇളംപള്ളിത്തോട് ഇന്ന് നാശത്തിന്റെ വക്കിൽ. നഗരസഭയുടെ 47ാം വാർഡിൽ ഇളംപള്ളി അറവുപുഴ റോഡിനോട് ചേർന്ന് ഒഴുകുന്ന തോടാണ് ഒഴുക്ക് നിലച്ച് നശിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സമീപവാസികൾ തോട്ടിൽനിന്നുമാണ് പ്രാഥമിക ആവശ്യത്തിനുള്ള വെള്ളം ശേഖരിച്ചിരുന്നത്. തോടിന്റെ പലഭാഗത്തും നിരവധി കുളിക്കടവുകളും ഉണ്ടായിരുന്നു. കൂടാതെ, വള്ളംകളിക്ക് ആവശ്യമായ കളിവള്ളങ്ങൾ കൊണ്ടുപോയിരുന്നതും തോട്ടിൽക്കൂടിയായിരുന്നു. ഇന്ന് തോട്ടിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്തവിധം മലിനമാണ്. പോളയും ജലസസ്യങ്ങളും തിങ്ങി നിറഞ്ഞു. ഇതോടെ തോടിന്റെ ഒഴുക്ക് പൂർണമായും നിലച്ചു. മാലിന്യം തള്ളുന്നതും വർദ്ധിച്ചു. വെള്ളത്തിന് കറുത്തനിറമാണിപ്പോൾ. ഒപ്പം രൂക്ഷഗന്ധവും. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുക് പെരുകുന്നതിനും ഇടയാക്കുന്നു.