abc

കോട്ടയം. തെരുവ് നായ ആക്രമണം തുടരുമ്പോഴും എ.ബി.സി ​സെ​ന്റർ തുറക്കുന്നതിൽ കാലതാമസം. കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം കോട്ടയം നഗരസഭ സ്ഥാപിച്ചിരിക്കുന്ന നായ്ക്കളുടെ പ്രജനന നിയന്ത്രണ കേന്ദ്രം ഇന്നലെ തുറക്കുമെന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റി​ന്റെ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് യാഥാർത്ഥ്യമായില്ല. എ.ബി.സി സെ​ന്റർ മന്ത്രി വി.എൻ വാസവൻ ഉദ്​ഘാടനം ചെയ്യുമെന്ന് ​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ​നിർമ്മല ജിമ്മി പത്രസമ്മേളനത്തിലായിരുന്നു പറഞ്ഞത്. കെട്ടിടത്തിന്റെ പ്ലംബിംഗ്, വയറിംഗ് ​ പണികൾ പൂർത്തിയായിരുന്നു. സെ​ന്ററിൽ നിയമിക്കേണ്ട ഡോക്ടറുടെയും തിയേറ്റർ അസി​സ്റ്റ​ന്റി​ന്റെയും അഭിമുഖവും പൂർത്തിയായി. എന്നാൽ മന്ത്രിയുടെ തിരക്ക് പരി​ഗണിച്ചാണ് ഉ​ദ്ഘാടനം നീട്ടി വെക്കുന്നതെന്ന് അധികൃതർ പറയുന്നു.

അതേസമയം നായ്ക്കൾക്കുള്ള കൂടുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. കരാർ പ്രകാരം കൂടുകളുടെ നിർമ്മാണം തുടങ്ങിയിട്ടേ ഉള്ളൂ. തെരുവ് നായ ആക്രമണം രൂക്ഷമായ സെപ്റ്റംബർ മുതൽ കേന്ദ്രം തുറക്കുമെന്ന് പല തവണ പറയുന്നുണ്ടെങ്കിലും വാക്കിൽ മാത്രമായി ഒതുങ്ങുകയാണ് പതിവ്. കോട്ടയം ന​ഗരസഭയുടെ ബഡ്ജറ്റിലും എ.ബി.സി പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് പറയുന്നുണ്ട്. നായ്ക്കളുടെ വന്ധീകരണത്തിനായുള്ള ശസ്ത്രക്രിയയ്ക്കു വേണ്ട ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന ഉറപ്പും പാഴായി.

ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് നിർമ്മല ജിമ്മി പറയുന്നു.

മന്ത്രിയുടെ തിരക്ക് കാരണമാണ് ഉദ്ഘാടനം നീട്ടിവെക്കേണ്ടി വന്നത്. ഈ മാസം 30ന് മുമ്പ് ഡേറ്റ് നൽകാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കരാർ വെച്ച് കൂടുകളുടെ നിർമ്മാണം തുടങ്ങി. കേന്ദ്രം ഈ വർഷംതന്നെ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.