കോട്ടയം : കോട്ടയം താഴത്തങ്ങാടി റോഡിലൂടെ യാത്ര ചെയ്യുന്നവർ ഒന്ന് കരുതിയിരിക്കണം. കണ്ണൊന്ന് തെറ്റിയാൽ വാഹനം തോട്ടിലേക്കായിരിക്കും പതിക്കുക.

സംരക്ഷണഭിത്തിയില്ലാത്ത അറുത്തൂട്ടി തോടാണ് പേടിസ്വപ്നമായിരിക്കുന്നത്. ഇതിന് സമീപത്ത് കൂടിയാണ് പാറാണ്ടാൻകുഴി റോഡ് കടന്നുപോകുന്നത്. ഇരുമ്പ് കമ്പികൾ കൊണ്ട് സ്ഥാപിച്ചിരുന്ന സംരക്ഷണഭിത്തിയാണ് ഒന്നരവർഷം മുൻപ് ഇടിഞ്ഞു വീണത്. നാളിതുവരെയായിട്ടും സംരക്ഷണ ഭിത്തി പുനർനിർമ്മിച്ച് അപകടഭീഷണി ഒഴിവാക്കുന്നതിന് അധികൃതർ ഒരുക്കമല്ല. താഴത്തങ്ങാടി കോട്ടയം റോഡിൽ നിന്ന് പാറാണ്ടൻകുഴി റോഡിലേക്ക് പ്രവേശനം ഭാഗം മുതൽ അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. വാഹനങ്ങൾ തിരിക്കുമ്പോൾ താഴ്ചയും ജലനിരപ്പുമുള്ള തോട്ടിലേയ്ക്ക് വീഴുന്നതിന് സാദ്ധ്യതയേറെയാണ്. കാൽനടയാത്രയും അസാദ്ധ്യമാണ്. ഇടിഞ്ഞുവീണ ഭാഗത്തെ കോൺക്രീറ്റിന്റെ ഭാഗം അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര ദുസഹമാണ്. വഴിവിളക്കുകൾ തെളിയുന്നത് മാത്രമാണ് ഏക ആശ്രയം. പ്രദേശത്ത് ആറോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് അപായസൂചനകളോ താത്കാലിക വേലികളോ സ്ഥാപിക്കാത്തത് അപകടത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക.