കോട്ടയം : മെഡിക്കൽ കോളേജിലെ കളക്ഷൻ ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു. കക്കൂസ് മാലിന്യം ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ ഒഴുകുന്നതോടെ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. മെഡിക്കൽ കോളേജിൽ 2011ൽ സ്ഥാപിച്ച മലിനജല സംസ്കരണ പ്ലാ​ന്റ് പ്രവർത്തനക്ഷമമല്ല. നാട്ടുകാരുടെ നിരന്തര പരാതിയെതുടർന്ന് പ്ലാ​ന്റ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ ഇഴയുകയാണ്. പ്ലാന്റിലേക്ക് എത്താത്തതിനാൽ കളക്ഷൻ ടാങ്കിലേക്ക് എത്തുന്ന മാലിന്യം അവിടെ നിന്നുതന്നെ നിറ‍ഞ്ഞാഴുകുകയാണ്.

മലിനജലം ചാത്തന്നൂർ - കോനാകരി തോടിലൂടെ പെണ്ണാർ തോട്ടിലെത്തി നേരെ വേമ്പനാട്ട് കായലിലാണ് എത്തുന്നത്. തോടി​ന്റെ വശങ്ങളിൽ മാലിന്യം അടിഞ്ഞുകൂടുകയാണ്. രൂക്ഷമായ ദുർ​ഗന്ധവുമുണ്ട്. ഇത് പ്രദേശവാസികൾക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് ആശങ്ക. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്കും, എം.എൽ.എ യ്ക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടും ഇതിന് പരിഹാരമായില്ല.

വൈകിട്ടായാൽ മെഡിക്കൽ കോളേജിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങും. മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ്. ഒഴുക്കിവിടുന്ന മലിനജലം കായലിലേക്ക് എത്തും. പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാവണം

റോസ്ലിൻ ടോമിച്ചൻ (ആർപ്പൂക്കര വാർഡ് മെമ്പർ)