കുമരകം : അട്ടിപ്പീടിക കുന്നപ്പള്ളി നിവാസികൾക്ക് ഭീഷണിയായിരുന്ന പരുന്ത് ഒടുവിൽ വലയിലായി. മാസങ്ങളായി നൂറിൽ സന്തോഷിന്റെ പുരയിടത്തിലുള്ള മാവിന്റ കൊമ്പിൽ വന്നിരിക്കുന്ന പരുന്ത് പ്രദേശവാസികളെ ആക്രമിക്കുന്നത് പതിവായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. വാർഡ് മെമ്പർ പി.കെ.സേതു വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും പരുന്തിനെ പിടികൂടാനുള്ള സംവിധാനം ഇല്ലെന്ന് പറഞ്ഞ് അധികൃതർ കൈയൊഴിഞ്ഞു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര ശ്രമത്തിനൊടുവിൽ വീടിന് മുകളിൽ ഇട്ട ഉടക്ക് വലയിൽ പരുന്ത് കുടുങ്ങുകയായിരുന്നു. വനം വകുപ്പ് അധികൃതർക്ക് പരുന്തിനെ കൈമാറി.