
കോട്ടയം. ക്രിസ്മസിന് മുന്നോടിയായി കോഴി വിലയിൽ വർദ്ധന. കോട്ടയം നഗരപരിധിയിൽ കിലോയ്ക്ക് 131 രൂപയാണ്. എന്നാൽ, നഗരപരിധിക്കു പുറത്ത് 145ലേക്ക് കടന്നു. നാടൻ കോഴിക്ക് 200 രൂപ കൊടുക്കണം. പാലാ മേഖലകളിലെ ഫാമിൽ നിന്നാണ് വിപണിയിൽ ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. പക്ഷിപ്പനി കർഷകരെ ബാധിച്ചെങ്കിലും വിലയിൽ കുറവുണ്ടായില്ല. നോമ്പ് കഴിയുന്നതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു.
കോഴിത്തീറ്റയിലും പരിപാലനത്തിലുമാണ്ടായ അധിക ചെലവാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് കാലത്ത് ചാക്കിന് 1500 രൂപയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2500 രൂപയാണ് .
കോഴിക്കുഞ്ഞിന്റെ വില, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ്, മരുന്ന് എന്നീ ചെലവുകളും വർദ്ധിച്ചതോടെ കർഷകർ പലരും ഈ മേഖലയിൽ നിന്ന് പിന്തിരിഞ്ഞു. ഇതോടെ ഉത്പാദനം കുറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിവരവും കുറഞ്ഞു. ഇതോടെ ക്ഷാമം നേരിടുന്ന സ്ഥിതിയായി. പക്ഷിപ്പനി പോലുള്ളവ റിപ്പോർട്ട് ചെയ്തതും ക്ഷാമം രൂക്ഷമാക്കി.
വ്യാപാരിയായ സിയാദ് പറയുന്നു.
പ്രാദേശിക മേഖലകളിൽ നിന്നാണ് ജില്ലയിലേക്ക് ഇറച്ചിക്കോഴികളെ എത്തിച്ചിരുന്നത്. ഫാമുകൾ തകർന്നതും ഉത്പാദനം വൻതോതിൽ കുറഞ്ഞതും വീണ്ടും മറ്റ് സംസ്ഥാനങ്ങളെ ആശ്രയക്കേണ്ട സ്ഥിതിയിലെത്തിച്ചു.
നിലവിൽ കോഴിയ്ക്ക് ആവശ്യക്കാർ കുറവാണെങ്കിലും നോമ്പ് കഴിയുന്നതോടെ, വിൽപ്പന കൂടുമെന്ന പ്രതീക്ഷയിലാണ്.