വൈക്കം: പ്രഥമ മഹാരുദ്റ യജ്ഞത്തിനൊരുങ്ങി വൈക്കം മഹാദേവക്ഷേത്രം. 2023 ജനുവരി 4 മുതൽ ജനുവരി 14 വരെ 11 ദിവസം നീണ്ടുനിൽക്കുന്ന മഹാരുദ്റയജ്ഞത്തിൽ വൈക്കം ക്ഷേത്രത്തിലെ തന്ത്രിമാരായ കിഴക്കിനേടത്ത് മേയ്ക്കാട് ചെറിയ മാധവൻ നമ്പൂതിരിയ്ക്കും ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരിക്കുമൊപ്പം 11 യജുർവേദ പണ്ഡിതന്മാർ സഹകാർമ്മികത്വം വഹിക്കും. ശിവപ്രീതികരമായതും ലോകനന്മലക്ഷ്യമിടുന്നതുമായ ശ്രീരുദ്റമന്ത്റം 11 തവണ വീതം 11 വേദ പണ്ഡിതന്മാർ 11 ദ്റവ്യങ്ങൾ തൊട്ട് ജപിച്ച് അവ അഭിഷേകമായി ഉച്ചപൂജ സമയം വൈക്കത്തപ്പന് സമർപ്പിക്കുന്നതാണ് മഹാരുദ്റത്തിലെ പ്രധാനചടങ്ങ്. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. ശിവസഹസ്രനാമജപം, വേദസൂക്ത ജപം, വാരമിരിക്കൽ എന്നീ ചടങ്ങുകളും മഹാരുദ്റയജ്ഞത്തിന്റെ ഭാഗമായി നടക്കും. വൈകിട്ട് 6.30 മുതൽ 9 വരെ നാദശരീരന്റെ സന്നിധിയിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. പത്മവിഭൂഷൻ ഉമയാൽ പൂരം ശിവരാമൻ, ഇഞ്ചിക്കുടി സുബ്രഹ്മണ്യം, അഭിഷേക് രഘുറാം, വൈക്കം ​റ്റി. വി. ജയചന്ദ്രൻ, സിക്കിൾ ഗുരുചരൺ, ലാൽഗുഡി കൃഷ്ണൻ, ലാലുഗുഡി വിജയലക്ഷ്മി, കെ.പി. യശോദ, ജയന്തി കുമരേഷ്, സുനിൽ പള്ളിപ്പുറം എന്നിവരും സംഘവും വിവിധ ദിവസങ്ങളായി വേദിയിൽ കലോപാസന നടത്തും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിൽ വൈക്കം സ്വദേശിയായ വിദേശ പൗരൻ അച്ചുതൻകുട്ടിപ്പിള്ളയുടെ വഴിപാടായാണ് വിശേഷാൽ യജ്ഞം നടക്കുന്നത്. മഹാരുദ്റയജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അനിൽ മഴുവഞ്ചേരിൽ, വൈക്കം ക്ഷേത്രം മേൽശാന്തി ​റ്റി.ഡി.നാരായണൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ പി.അനിൽകുമാർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്ത, സെക്രട്ടറി പ്രദീപ് കുമാർ ബി.ഐ എന്നിവർ അറിയിച്ചു.