
കോട്ടയം. ക്രിസ്മസ് - പുതുവത്സര ആഘോഷത്തിനായി നാട്ടിലെത്താൻ ഒരുങ്ങിയിരിക്കുന്ന മലയാളികൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല. മിക്ക ട്രെയിനുകളിലും മാസങ്ങൾക്ക് മുമ്പ് തന്നെ ബുക്കിംഗ് കഴിഞ്ഞു. ഉയർന്ന നിരക്ക് നൽകാൻ തയ്യാറാണെങ്കിലും ടിക്കറ്റ് കിട്ടാനില്ലെന്നാണ് യാത്രക്കാർ പറയുന്നത്. തിരക്ക് കൂടുന്ന ക്രിസ്മസ് - പുതുവത്സര കാലയളവിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. ബാംഗ്ലൂർ, മുംബായ്, ഡൽഹി തുടങ്ങിയ പ്രധാന
നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളിലാണ് ടിക്കറ്റ് കിട്ടാത്തത്. ഐ.ആർ.ടി.സി വെബ്സൈറ്റ് പ്രകാരം ബംഗളൂരുവിൽ നിന്നുള്ള കന്യാകുമാരി എക്സ് പ്രസിൽ വെള്ളിയാഴ്ചത്തെ സ്ലീപ്പർ വെയിറ്റിങ് ലിസ്റ്റ് 300 ആണ്. ഹൈദരബാദിൽ നിന്നുള്ള ശബരി എക്സ്പ്രസിൽ ഇത് 370 കടന്നു. മറ്റ് പ്രധാന നഗരങ്ങളിൽ നിന്നുള്ള മിക്ക ട്രെയിനുകളിലും വെയിറ്റിങ് ലിസ്റ്റ് 150 കടന്നു. അവധിയ്ക്ക് നാട്ടിലെത്താൻ കാത്തിരിക്കുന്ന വിദ്യാർത്ഥികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള കേരള എക്സ്പ്രസിൽ കൺഫേം ടിക്കറ്റുകൾ ഇല്ല. മുംബായിൽ നിന്ന് മംഗളൂരുവിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിൻ കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ശബരിമല തിരക്ക് പ്രമാണിച്ച് കർണാടകയിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് അനുവദിച്ച ട്രെയിനുകളിലും ടിക്കറ്റുകൾ ലഭ്യമല്ല.
ആഘോഷകാലത്തെ തിരക്ക് മുന്നിൽ കണ്ട് ടൂറിസ്റ്റ് ബസുകളും അമിത നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകളിൽ എ.സി ടിക്കറ്റ് നിരക്ക് 5000 വരെ നീളുന്നു. ക്രിസ്മസ്, ശബരിമല, ടൂറിസം സീസണുകൾ ഒന്നിച്ചായതോടെ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഉയർന്നു.
വെള്ളിയാഴ്ചത്തെ വെയിറ്റിങ് ലിസ്റ്റ്.
കന്യാകുമാരി എക്സ് പ്രസ് 300.
ശബരി എക്സ്പ്രസ് 370 .
മറ്റ് ട്രെയിനുകൾ 150.
യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസ് - ടൂറിസം സീസണാണ്. ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സ്പെഷ്യൽ ട്രെയിനുകളുമില്ല .