അയർക്കുന്നം: കുളിക്കാനിറങ്ങിയ രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സലിം മൻസിലിൽ സലീമിന്റെ മകൻ അജ്മൽ (20),വർക്കല മേൽവട്ടൂർ വിളയിൽ ബാബുവിന്റെ മകൻ വജൻ (21) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30 ഓടെ കൊങ്ങാണ്ടൂർ പന്നഗംതോട് മുടപ്പാലത്താണ് സംഭവം. കൊല്ലം ട്രാവൻകൂർ കോളേജിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. ഇവരുടെ സഹപാഠിയായ പാദുവ സ്വദേശി കാലൊടിഞ്ഞ് പരിക്കേറ്റ് വിശ്രമത്തിലാണ്. ഈ വിദ്യാർത്ഥിനിയെ സന്ദർശിക്കാനെത്തിയതായിരുന്നു മരിച്ചവർ ഉൾപ്പെടെ നാലുപേർ. ഇവിടെ നിന്ന് മടങ്ങവെ പന്നഗംതോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിത്താഴുകയായിരുന്നു. പാലായിൽ നിന്ന് അഗ്‌നിശമനസേനയെത്തി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.