പാലാ: ഇവിടെ ആരെങ്കിലും വീണാൽ എന്താകും അവസ്ഥ? പാലായിലെ ഏറ്റവും തിരക്കേറിയ റിവർവ്യൂ റോഡിൽ വലിയപാലത്തിന് താഴെയുള്ള വെട്ടിത്താപ്പ് യാത്രക്കാർക്കും വാഹനങ്ങൾക്കും വാരിക്കുഴിയായി മാറുകയാണ്. വലിയ പാലത്തിന്റെ താഴെ ഭാഗത്തായി റിവർവ്യൂ റോഡിൽ അടുത്തിടെ ടൈൽ പാകിയിരിക്കുന്ന സ്ഥലവും ടാറിംഗ് റോഡും തമ്മിലുള്ള വിടവാണ് ഭീഷണി ഉയർത്തുന്നത്. ഇതിലെ വരുന്ന വാഹനയാത്രകിരുടെ ശ്രദ്ധ അൽപമൊന്ന് മാറിയാൽ വലിയ വില നൽകേണ്ടിവരും. ഇരുചക്രവാഹനങ്ങളിൽ വരുന്നവർ ഏറെ സൂക്ഷിക്കണം. മുറുകെ പിടിച്ചിരുന്നില്ലെങ്കിൽ നിലത്ത് വീഴുമെന്ന കാര്യത്തിൽ സംശയമില്ല. കുഴിയിൽ വീഴുന്ന വലിയ വാഹനങ്ങളുടെ പ്ലേറ്റ് ഒടിയുന്നതും പതിവായിട്ടുണ്ട്. ശബരിമല സീസൺ കൂടി ആരംഭിച്ചതോടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നപോകുന്നത്. വഴി പരിചയം ഇല്ലാത്തവർക്ക് തീർച്ചയായും ഇതൊരു വാരിക്കുഴി തന്നെയാണ്. അവിചാരിതമായി മുന്നിൽ കുഴികണ്ട് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടത്തിന് കാരണമാകും. വലിയപാലത്തിന് താഴെയുള്ള അപകടക്കെണി എത്രയുംവേഗം ഒഴിവാക്കണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ഡഡബ്ലി.യു.ഡി മന്ത്രി, ചീഫ് എൻജിനീയർ, പാലായിലെ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയതായി പൗരസമിതി പ്രസിഡന്റ് പി. പോത്തൻ പറഞ്ഞു.


ഭീഷണിയായി കമ്പിയും


ഇവിടെ റോഡിന് നടുവിലെ കമ്പി വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാടുകൾ വരുത്തുന്നതും പതിവായിട്ടുണ്ട്. ഈ ഭാഗത്ത് റോഡിൽ ടൈൽ വിരിച്ചപ്പോൾതന്നെ ടാർ റോഡുമായുള്ള ഗ്യാപ്പിൽ നേരിയ കുഴി രൂപപ്പെട്ടിരുന്നു. പക്ഷേ അധികാരികൾ അന്ന് ഇത് വേണ്ടവിധം ശ്രദ്ധിക്കാതെ പോയതാണ് ഇപ്പോൾ വിനയായിരിക്കുന്നത്.


ഫോട്ടോ അടിക്കുറിപ്പ്

പാലാ വലിയപാലത്തിന് താഴെയുള്ള വാരിക്കുഴി