പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻപിലെ സീബ്രാലൈൻ മാഞ്ഞതോടെ യാത്രക്കാർ റോഡ് കുറുകെ കടക്കുന്നത് ജീവൻപണയം വച്ച്. വര മാഞ്ഞുപോയ ഭാഗത്ത് സീബ്രാലൈൻ തിരിച്ചറിയാനാകാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വഴിയാത്രക്കാർ സീബ്രാലൈനുണ്ടായിരുന്ന ഭാഗമെന്ന നിലയിൽ റോഡിന് കുറുകെ അപ്രതീക്ഷിതമായി കടക്കുന്നത് വാഹനങ്ങളോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കും. നടുവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത് മാത്രമാണ് കാൽനടയാത്രക്കാർക്ക് കുറച്ചെങ്കിലും ആശ്വാസം. എത്രയും പെട്ടെന്ന് റോഡിന് നടുവിലെത്തിയാൽ അവിടെ സുരക്ഷിതമായി നിൽക്കാം.
തീർത്ഥാടക വാഹനത്തിരക്ക്
ശബരിമല സീസണായതോടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഡ്രൈവർമാർക്ക് അടുത്തെത്തുമ്പോൾ മാത്രമാണ് സീബ്രാ ലൈനുകൾ ഉള്ളതായി കാണാൻ കഴിയൂ. അന്യസംസ്ഥാന വാഹനങ്ങളാണ് ഏറെയും കടന്നുപോകുന്നത്. ഇവർക്ക് പ്രദേശം പരിചയമില്ലാത്തതും അപകടങ്ങൾക്കിടയിക്കുന്നു.
ബസ് സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കാനും പുറത്തേയ്ക്കിറങ്ങാനും ദിവസേന നിരവധി ആളുകളാണ് സീബ്രാലൈൻ പ്രയോജനപ്പെടുത്തുന്നത്. അടിയന്തരമായി ദേശീയപാത അധികൃതർ പ്രദേശത്ത് സീബ്രാലൈൻ പുന:സ്ഥാപിക്കണം
രാജേന്ദ്രൻ, യാത്രക്കാരൻ