
കോട്ടയം . കുടുംബശ്രീ ദേശീയ സരസ് മേള ജനങ്ങളുടെ ഹൃദയം കീഴടക്കിയതോടെ വരുമാനം നാലുകോടി കവിഞ്ഞു. മിക്ക സ്റ്റാളുകളിലേയും ആദ്യ സ്റ്റോക്ക് തീർന്നതിനാൽ വീണ്ടും സാധനങ്ങൾ എത്തിക്കുകയായിരുന്നു. 21 വരെയുള്ള കണക്ക് അനുസരിച്ച് 4.20 കോടി രൂപയുടെ വരുമാനം ലഭിച്ചു. ശരാശരി ദിവസ വരുമാനം 80 ലക്ഷമാണ്. 3.60 കോടിയാണ് 245 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം. സരസിലെ ഭക്ഷണവൈവിദ്ധ്യത്തിനും മികച്ച ജനപിന്തുണയാണ് ലഭിച്ചത്. 60.86 ലക്ഷം രൂപയാണ് ഭക്ഷ്യമേളയ്ക്ക് ലഭിച്ചത്. മേള ആരംഭിച്ച 15 ന് 17.67 ലക്ഷവും 16 ന് 40.38 ലക്ഷവും, 17 ന് 75.93 ലക്ഷവും, 18 ന് 92.76 ലക്ഷവും, 19 ന് 79.68 ലക്ഷവും രൂപയുടെ വില്പന നടന്നു. കഴിഞ്ഞ ഞായറാഴ്ച ശരാശരി 92.76 ലക്ഷം രൂപ ലഭിച്ചു. ഇതിൽ 81.11ലക്ഷം പ്രദർശനസ്റ്റാളുകൾക്കും 11.64 ലക്ഷം ഭക്ഷ്യമേളയ്ക്കുമാണ് ലഭിച്ചത്. നാളെ മേള സമാപിക്കും.
സ്റ്റാളുകളിൽ സ്റ്റാർ എറണാകുളം.
സ്റ്റാളുകളിൽ സ്റ്റാറായത് എറണാകുളത്ത് നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളാണ്. 5.50 ലക്ഷം രൂപയ്ക്ക് മുകളിലാണ് വരുമാനം ലഭിച്ചത്. അച്ചാറും ചമ്മന്തിപ്പൊടിയും ഉപ്പേരിയും ഉൾപ്പെടെയാണ് ഇവർ വിറ്റത്. മഹാരാഷ്ട്രയിൽനിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സിനും ഏറെ പ്രിയമുണ്ട്. 5 ലക്ഷം വരുമാനം ലഭിച്ചു. മഹാരാഷ്ട്രയിലെ തുണിത്തരങ്ങൾക്കും ഉണക്കമുന്തിരിക്കും ആവശ്യക്കാരുണ്ട്. തൃശൂരിൽ നിന്നെത്തിയ കുടുംബശ്രീ വസ്ത്ര വിപണസ്റ്റാളുകൾക്കും മികച്ച നേട്ടമായി. 3.97 ലക്ഷമാണ് ഇവരുടെ വരുമാനം. ആന്ധ്രാപ്രദേശിൽ നിന്ന് തടികളിപ്പാട്ടങ്ങളും ക്രോഷ്യോ തുണിത്തരങ്ങളുമായെത്തിയ സംഘത്തിന് 2.29 ലക്ഷം രൂപ നേടാനായി.
കണ്ണൂരിലെ ഭക്ഷണം ജോറാണ്.
ഭക്ഷ്യമേളയിൽ കണ്ണൂർ ജില്ലക്കാരാണ് നേട്ടം കൊയ്തത്. 5.7 ലക്ഷം രൂപയുടെ വില്പന നടത്തി. തൊട്ടുപിറകിൽ മലപ്പുറം 4.05 ലക്ഷം. എറണാകുളത്ത് നിന്നുള്ള ജ്യൂസ് സെന്റർ നേടിയത് 2,94,800 രൂപയാണ്. പഞ്ചാബി ഭക്ഷണ മേളയിൽ 2.50 ലക്ഷം രൂപയുടെ കച്ചവടമുണ്ടായി.
കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ പറയുന്നു.
കൊവിഡ് നൽകിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനായത് സന്തോഷം നൽകുന്നു. അയൽ ജില്ലകളിൽ നിന്ന് വരെ ആളുകളെത്തുന്നത് എല്ലാവരും മേള ഏറ്റെടുത്തതിന്റെ സൂചനയാണ്.