nell

കോട്ടയം . പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടും വർഷ കൃഷിയുടെ നെല്ല് സംഭരിച്ച തുകയിൽ പകുതി പോലും കർഷകന് കൊടുക്കാതെ സപ്ലൈകോയുടെ ക്രൂരത. ഈ മാസം ഒരു രൂപ പോലും ലഭിച്ചില്ല. ഇതുവരെ 64.30 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. എന്നാൽ, നൽകിയത് 28.63 കോടി രൂപ മാത്രം. നൽകാനുള്ളത് 35.66 കോടി. അവശേഷിക്കുന്ന പണം എന്നു നൽകുമെന്ന ചോദ്യത്തിന് അധികൃതർക്കു കൃത്യമായ ഉത്തരമില്ല. ഇതുവരെ 22802 ടൺ നെല്ലാണ് ജില്ലയിലെ പാടശേഖരങ്ങളിൽ നിന്ന് സംഭരിച്ചത്. 8334 കർഷകരാണ് സപ്ലൈകോയ്ക്ക് നൽകിയത്. കോട്ടയം താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭരിച്ചത്. 14417 ടൺ. കുറവ് ചങ്ങനാശേരിയിലും 14.32 ടൺ. കഴിഞ്ഞ 29 മുതലുള്ള ബില്ലുകൾ പാസാക്കിയെന്നാണ് അധികൃതർ പറയുന്നത്. തുടർന്നുള്ള തുക കണ്ടെത്താൻ സപ്ലൈകോ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ, ഏതാനും പാടശേഖരങ്ങളിൽ മാത്രമാണ് കൊയ്ത്ത് അവശേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർണമാകും.

രജിസ്ട്രേഷൻ ആരംഭിച്ചു.
പുഞ്ച സീസണിലെ നെല്ലു സംഭരണത്തിനായി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇതുവരെ 548 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഷക്കൃഷിയുടെ നെല്ലു നൽകിയ വകയിലെ പണം ലഭിക്കാത്തത് പല കർഷകരെയും വെട്ടിലാക്കിയിട്ടുണ്ട്. ഈ കൃഷിയിൽ നിന്നുള്ള പണം ലഭിച്ച ശേഷം പുഞ്ച കൃഷിയ്ക്ക് വളം ഇടാനും മറ്റും കാത്തിരുന്ന കർഷകർ ഇപ്പോൾ പണം കടം വാങ്ങാൻ നെട്ടോട്ടമോടുകയാണ്. അവസരം മുതലെടുക്കാൻ പലിശക്കാരും രംഗത്തുണ്ട്.

കൊടുക്കേണ്ടത് 64.30 കോടി.

കൊടുത്തത് 28.63 കോടി.

കുടിശിക 35.66 കോടി.