padakam

കോട്ടയം . നാടും നഗരവും ക്രിസ്മസ് തിരക്കിലമരുമ്പോൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പടക്കവിപണിയും സജീവമായി. കൊവിഡ് ഭീതി മാറിയ സാഹചര്യത്തിൽ മുൻവർഷങ്ങളിലേതിനെക്കാൾ വലിയ തിരക്കാണ് പടക്കവിപണിയിൽ അനുഭവപ്പെടുന്നത്. ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. അനുകൂല കാലാവസ്ഥയും അനുഗ്രഹമായി. കുട്ടികൾക്കായി പൊള്ളലേൽക്കാത്ത പ്രത്യേക പടക്കങ്ങളുണ്ട്.

കിറ്റ്കാറ്റ്, മൾട്ടികളർ ഷോട്ട്‌സ്, റോക്കറ്റ്, ക്ലാസിക് ബോംബ്, ഹൈഡ്രോ ബോംബ്, കോറോണാസ്, സിപ്പി എന്നിവയും സൂപ്പർ ഷോട്ടുകൾ, ത്രിവർണ പൂക്കുറ്റി, ഫാൻസി പടക്കങ്ങൾ, സ്‌കൈ ഷോട്ട് ഡ്രോൺ, ഹെലികോപ്ടർ എന്നിവയും ഇത്തവണയുണ്ട്. തീ കൊടുത്താൽ ആൻഗ്രി ബേർഡ്‌സ് മോഡലാകുന്ന പടക്കവും ഡിസ്‌കോ വീൽ മോഡൽ ചക്രവുമാണ് മറ്റൊരു പ്രധാന ഇനം. കിറ്റ്കാറ്റ് ഒരു പായ്ക്കറ്റ് 100 മുതൽ 150 വരെയും ആൻഗ്രി ബേർഡ്‌സ് 50 രൂപ, ഡിസ്‌കോ വീൽ 100 രൂപയുമാണ് വില. വലിയ ഉയരത്തിൽ പോയി പൊട്ടുന്ന സ്‌കൈ ഷോട്ടിനും ആവശ്യക്കാരേറെയാണ്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ, കമ്പിത്തിരി, പൂത്തിരി, ചക്രം, കുടചക്രം, പൂക്കുറ്റി തുടങ്ങിയവയ്ക്കാണ് കൂടുതൽ ചെലവ്.

വില ഇങ്ങനെ.

കമ്പിത്തിരി 50 - 100 രൂപവരെ, ചക്രം 20 - 30, മേശപ്പൂ 20 - 90, മാലപ്പടക്കം 80 - 100, ഗുണ്ട് 100 - 150, റോക്കറ്റ് 120 - 250, ചൈനീസ് പടക്കം 250 - 4000.

കോട്ടയം നഗരത്തിലെ വ്യാപാരി അബ്ദുൾ ഷുക്കൂർ പറയുന്നു.

ശിവകാശി, പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പടക്കങ്ങൾ എത്തിക്കുന്നത്. മുൻവർഷങ്ങളിലേതിനെക്കാൾ വിലയിലും വ്യത്യാസമുണ്ട്. ക്രിസ്മസ്, ന്യൂ ഇയർ അടുക്കുന്നതോടെ തിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.