vaccine

കോട്ടയം . കൊവിഡ് ആശങ്ക വീണ്ടും തലപൊക്കുമ്പോൾ വാക്സിനേഷൻ ആദ്യഡോസ് പോലും എടുക്കാത്തത് 5 ശതമാനംപേർ. ബൂസ്റ്റർ ഡോസിനോടും മമതയില്ല. വീണ്ടും വാക്സിനേഷൻ ഉൗർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വിഭാഗം. മാസങ്ങളായി ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളിലും വാക്സിൻ ആർക്കും വേണ്ടാത്ത നിലയിലായിരുന്നു. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. എന്നാൽ കരുതൽ ഡോസ് സ്വീകരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ജില്ലയിൽ 18 വയസിന് മുകളിൽ 30.85 % പേർ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് എടുത്തതിന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കരുതൽ ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ ആശങ്ക അകന്നതോടെ പലരും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറി. കൂടാതെ പതിനെട്ട് വയസ് പിന്നിട്ടവർ പണം നൽകി സ്വകാര്യ സെ​ന്ററുകളിൽ നിന്ന് കരുതൽ ഡോസ് സ്വീകരിക്കണമെന്ന തീരുമാനവും തണുപ്പൻ പ്രതികരണത്തിന് കാരണമായി. അതേസമയം വാക്സിൻ ലഭ്യത ഉണ്ടായിരുന്ന ജൂലായ് മുതൽ സെപ്തംബർ വരെ 18 - 45 വിഭാ​ഗത്തിന് സൗജന്യമായി കരുതൽ ഡോസ് സ്വീകരിക്കുന്നതിന് അവസരമുണ്ടായിരുന്നു.

കൊവിഷീൽഡ് ലഭ്യമല്ല.

നിലവിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 900 ഡോസ് കൊവാക്സിനാണുള്ളത്. കൊവിഷീൽഡ് ലഭ്യമല്ല. കരുതൽ ഡോഡ് സ്വീകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് നാളെ മുതൽ ഇതിനായുള്ള സൗകര്യം ഒരുക്കും. രണ്ടാം ഡോസ്, കരുതൽ ഡോസ് എന്നിവ സ്വീകരിക്കാത്തവർക്ക് വാക്സിൻ എടുക്കാം.

18 വയസിന് മുകളിൽ
ആദ്യ ഡോസ് 95 %.
രണ്ടാം ഡോസ് 85%.
കരുതൽ ഡോസ് 30 %.