കോട്ടയം : ഇല്ലിക്കലിൽ പേരിന് ഒരു പാലമുണ്ടെന്ന് പറയാം. കാൽനടയാത്രക്കാർക്ക് മറുകരയെത്തണേൽ സർക്കസ് കളിക്കണം. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വലിപ്പം മാത്രമേ പാലത്തിനുള്ളൂ. കോട്ടയം - കുമരകം പാതയിലെ തിരക്കേറിയ പാലമാണിത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാരും കടന്നു പോകുന്ന പാലത്തിന് അഞ്ച് മീറ്റർ മാത്രമാണ് വീതി. രണ്ട് വാഹനങ്ങൾ ഒരുമിച്ചു വരുമ്പോൾ കാൽനടയാത്രക്കാർ പാലത്തിന്റെ കൈവരിയിൽ പിടിച്ച് അരികിലൂടെ കടന്നുപോകണം. പലപ്പോഴും പ്രയാസപ്പെട്ടാണ് കാൽനടയാത്രികർ പാലം കടന്നുപോകുന്നത്. ഒരു നടപ്പാത പോലുമില്ല. പാലത്തിലൂടെ പത്തിലധികം കേബിൾ പൈപ്പുകളും ഉണ്ട്. വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ കാൽനടയാത്രികർ പൈപ്പുകൾക്ക് മുകളിൽ കയറി നിൽക്കണം. കാൽ വഴുതിയാൽ വലിയ അപകടമാണ് കാത്തിരിക്കുന്നത്. കൂടാതെ പാലത്തിൽ നിറയെ കുണ്ടും കുഴിയുമാണ്. സുരക്ഷിതമായ യാത്രയൊരുക്കാൻ നടപ്പാത ഉൾപ്പെടെ പണിത് വീതി കൂട്ടി പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.