രാഷ്ടീയക്കാരെ വിശ്വാസമില്ലെന്ന് പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾ

കോട്ടയം: ബഫർസോ‌ണിനെ ചൊല്ലി ഭരണ പ്രതിപക്ഷകക്ഷികൾ കൊമ്പുകോർക്കുമ്പോഴും ജില്ലയിൽ വനമേഖലയായി ചൂണ്ടിക്കാണിച്ചിട്ടുള്ള എരുമേലി, കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശങ്കയൊഴിയുന്നില്ല. മൂന്നു പഞ്ചായത്തുകളിലും റബർ മരങ്ങൾ തഴച്ചുവളരുന്ന പ്രദേശങ്ങൾ ഉള്ളതിനാൽ ഉപഗ്രഹത്തിൽ വനമായി രേഖപ്പെടുത്തിയതാണ് പാരയായത്. വിദഗ്ദ്ധസമിതിയുടെ നേരിട്ടുള്ള പരിശോധനയിൽ ഇത് മാറുമെന്ന് സർക്കാർ ഉറപ്പുപറയുമ്പോഴും സുപ്രീംകോടതി വിധി എങ്ങനെയെന്ന് പ്രവചിക്കാനാവാതെ പകച്ചുനിൽക്കുകയാണ് സാധാരണക്കാർ.

മലയോര കുടിയേറ്റ ഗ്രാമങ്ങളായ പമ്പാവാലി,എയ്ഞ്ചൽ വാർഡുകളിൽ സാധാരണ കർഷകരാണ് ഭൂരിപക്ഷവും. മഹാരാജാക്കന്മാരുടെ കാലത്ത് പട്ടിണി മാറ്റുന്നതിന് വനഭൂമിയിൽ കൃഷിക്കായി തങ്ങളുടെ പൂർവികരെ ക്ഷണിച്ചുവരുത്തി പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് കൃഷി ഭൂമിയാക്കിയപ്പോൾ അടുത്ത തലമുറ ബഫർസോണിന്റെ പേരിൽ ചോരയും നീരുമാക്കിയ ഭൂമിയിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് രാഷ്ടീയ വ്യത്യാസമെന്യേ ജനങ്ങൾ. അതുകൊണ്ടു തന്നെ ബഫർസോണിനെ ന്യായീകരിക്കാൻ ഭരണപക്ഷത്തിനും കഴിയുന്നില്ല. സർക്കാർ നടപടി കാരണം ആരും ഇറങ്ങിപോകേണ്ടിവരില്ലെന്ന് പറഞ്ഞുനിറുത്താനേ ഇടതുമുന്നണി നേതാക്കൾക്കും കഴിയുന്നുള്ളൂ. മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരളാകോൺഗ്രസ് എം തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാനും അണികളെ തൃപ്തിപ്പെടുത്താനും ബഫർസോൺ വനഭൂമിയിൽ തന്നെ ആകണമെന്ന് പ്രഖ്യാപിച്ചുള്ള നിലപാടിൽ നിൽക്കുമ്പോൾ മറ്റു കേരളാകോൺഗ്രസ് നേതാക്കൾ അന്തസുണ്ടെങ്കിൽ മന്ത്രി റോഷി അഗസ്റ്റിനെ രാജിവെപ്പിച്ച് കേരളാകോൺഗ്രസ് എം മുന്നണിവിടണമെന്ന് വെല്ലുവിളിക്കുകയാണ് . ഇതിൽ കൊത്താതെ ബഫർസോണിനെതിരായ ശക്തമായ നിലപാടാണ് തോമസ് ചാഴികാടൻ ലോക് സഭയിലും ജോസ് കെ മാണി രാജ്യസഭയിലും സ്വീകരിച്ചിട്ടുള്ളത്.

ജനിച്ച മണ്ണ് സംരക്ഷിക്കാനായി ജീവരക്തം കൊടുത്ത് അവസാന ശ്വസം വരെ പോരാടും.

ജോസഫ് താഴത്തുമാലിയിൽ നാട്ടുകാരൻ

ജില്ലയിലെ ബഫർസോൺ മേഖല

എരുമേലി ഗ്രാമപഞ്ചായത്ത്

വാർഡ് 11: പമ്പാവാലി

വാർഡ് 12:എയ്ഞ്ചൽ വാലി

വാർഡ് 13:മൂക്കംപെട്ടി

വാർഡ് 14 :കണമല

കോരുത്തോട് ഗ്രാമപഞ്ചായത്ത്

വാർഡ് 2: മൈനാക്കുളം

വാർഡ് 3:കൊമ്പുകുത്തി

വാർഡ്: മുണ്ടക്കയം ബ്ലോക്ക്

വാർഡ് 5:ചണ്ണപ്ലാവ്

വാർഡ് 6: കോരുത്തോട്

വാർഡ് 7:കുഴിമാവ്

വാർഡ് 8: പള്ളിപ്പടി

പെരുവന്താനം പഞ്ചായത്ത്

വാർഡ് 8: മൂഴിക്കൽ