ചിറക്കടവ്: മണക്കാട്ട് ഉത്സവത്തിന് അനുഗ്രഹം തേടി മണക്കാട്ട് ദേവസ്വം ഭാരവാഹികൾ താമരക്കാട് പോർക്കലീദേവി ക്ഷേത്രനടയിലെത്തി ദേവിക്ക് പണക്കിഴിയും ഉടയാടയും വഴിപാട് ദ്രവ്യങ്ങളും കാണിക്കയായി സമർപ്പിച്ചു. മണക്കാട്ട് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ താമരക്കാട് പോർക്കലീ ദേവിക്ഷേത്രത്തിൽ എല്ലാവർഷവും മുടങ്ങാതെ മണക്കാട്ട് ദേവസ്വം നടത്തുന്ന വഴിപാടാണിത്. മണക്കാട്ട് എന്നുകൂടി പേരുള്ള ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി ഭാരവാഹികളെ ആചാരപൂർവം വരവേറ്റു. മണക്കാട്ട് ക്ഷേത്രം തന്ത്രിയായ സന്തോഷ് നമ്പൂതിരിക്ക് ദേവസ്വം വക വസ്ത്രവും ഉപഹാരങ്ങളും ഭാരവാഹികൾ നൽകി. മണക്കാട്ട് ദേവസ്വം പ്രസിഡന്റ് ടി.പി രവീന്ദ്രൻപിള്ള, സെക്രട്ടറി വി.കെ ബാബുരാജ്, ട്രഷറർ വി.എ അനിൽകുമാർ, ജോ.സെക്രട്ടറി സുമേഷ് ശങ്കർ പുഴനാൽ, അന്നദാനം കൺവീനർ എം.എൻ രാജരത്‌നം എന്നിവർ നേതൃത്വം നൽകി.