പാലാ: തന്റെ പേരിൽ അപകീർത്തിപരമായ നോട്ടീസ് പ്രചരിപ്പിച്ച സംഭവത്തിൽ പാലാ നഗരസഭാ ഭരണാധികാരികൾക്ക് പങ്കുണ്ടെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കൗൺസിലർമാരുടെ പേരിൽ തപാലിൽ വരുന്ന കത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ മുനിസിപ്പൽ ചെയർമാനും, സെക്രട്ടറിക്കും അധികാരമില്ല. എന്നാൽ ഏതെങ്കിലും സാമൂഹ്യവിരുദ്ധർ അപകീർത്തിപരമായ നോട്ടീസ് കവറിലിട്ട് വിലാസം എഴുതി മുനിസിപ്പൽ ഓഫീസിൽ ഏൽപ്പിച്ചാൽ അത് മുനിസിപ്പൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുനിസിപ്പാലിറ്റിയുടെ വാഹനത്തിൽ വിതരണം ചെയ്ത സംഭവത്തിൽ ചെയർമാനും സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ടെന്ന് സജി ചൂണ്ടിക്കാട്ടി.

തനിക്കെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ആളുകളും നേതാക്കളുമാണ് ഇതിന് പിന്നിലെന്നും സജി പറഞ്ഞു. അപകീർത്തികരമായ നോട്ടീസ് പ്രചരിപ്പിക്കുന്നുവെന്ന് രണ്ട് തവണ പാലാ പൊലീസിൽ നേരിട്ട് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് സജി മഞ്ഞക്കടമ്പിൽ പറയുന്നു. അപകീർത്തികരമായ കത്ത് സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ചത് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയംഗമായ പ്രദീപ് വലിയപറമ്പിലും യൂത്ത്ഫ്രണ്ട് കൊഴുവനാൽ മണ്ഡലം കമ്മറ്റിയിലുള്ള സിജു ജോസ് എന്ന വ്യക്തിയുമാണെന്നും അദ്ദേഹം ആരോപിച്ചു.