ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവ ഭാഗമായി നടത്തുന്ന വിദ്യാഗോപാല മന്ത്രാർച്ചനയും താലസദ്യയും ശ്രദ്ധേയമാകുന്നു. 27, 28നുമാണ് പ്രധാന ഉത്സവം. കീഴ്പ്പുറത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിദ്യാഗോപാല മന്ത്രാർച്ചന. വിദ്യാഗോപാല മന്ത്രാർച്ചനയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പനച്ചിക്കാട് ശ്രീ സരസ്വതീ മണ്ഡപത്തിൽ വിശേഷാൽ പൂജ നടത്തിയ സാരസ്വതഘൃതം സൗജന്യമായി വിതരണം ചെയ്യും. കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കാവിൻപുറം താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷം നടത്തുന്ന താലസദ്യയും പ്രത്യേകതയാണ്. താലമെടുപ്പ് ഉത്സവത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും ഉമാമഹേശ്വരൻമാരുടെ പ്രസാദമായാണ് താലസദ്യ വിളമ്പുന്നത്. 27ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമവും തുടർന്ന് നവഗ്രഹഹോമവും. തന്ത്രി നരമംഗലം ചെറിയനീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
8.30ന് കലവറ നിറയ്ക്കൽ. 9.30 ന് വിദ്യാഗോപാല മന്ത്രാർച്ചന. 11ന് ഓട്ടൻതുള്ളൽ. 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 5.30ന് നടക്കുന്ന തിരുവാതിരകളി വഴിപാട് ഗവ. ചീഫ് വിപ്പ് പ്രൊഫ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നായി 25 ടീമുകളാണ് തിരുവാതിരകളി വഴിപാട് മത്സരത്തിൽ പങ്കെടുക്കുന്നത്. 6.30ന് വിശേഷാൽ ദീപാരാധന. 28 നാണ് പ്രസിദ്ധമായ കാവിൻപുറം താലപ്പൊലി ഘോഷയാത്ര. രാവിലെ 7ന് ഉദയാസ്തമനപൂജ.8 മുതൽ പുരാണപാരായണം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും കാവിൻപുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. കാണിക്കമണ്ഡപം ജംഗ്ഷനിൽ ആയാംകുടി തങ്കപ്പമാരാരുടെ നേതൃത്വത്തിൽ താലപ്പൊലി എതിരേല്പ് പഞ്ചാവാദ്യവും അരങ്ങേറും. ഘോഷയാത്രകൾ കാണിക്കമണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. 8.30ന് വെടിക്കെട്ട്. 8.45 ന് താലസദ്യ. 9.30ന് ഗാനമേള എന്നിവ നടക്കുമെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, പി.എസ് ശശിധരൻ, ജയചന്ദ്രൻ വരകപ്പള്ളിൽ, ആർ.സുനിൽകുമാർ തുമ്പയിൽ, സി.ജി വിജയകുമാർ എന്നിവർ പറഞ്ഞു.