പാലാ: നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാളെ പാലാ സി.ഐ. കെ.പി ടോംസണും സംഘവും ചേർന്ന് പിടികൂടി. ചേർത്തല പൂച്ചാക്കൽ രാം നിവാസിൽ രാം ലാലിനെ (35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലർച്ചെ അരുണാപുരം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിന് എതിർവശം പാടത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സമീപത്തെ ഒരു കടയിൽ നിന്നും ടാങ്കർലോറി വരുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതേതുടർന്നാണ് ചേർത്തലയിൽ നിന്ന് രാംലാലിനെ പൊലീസ് പിടികൂടിയത്. ഇതിന് മുമ്പ് മൂന്നാനിയിലും പരിസര പ്രദേശങ്ങളിലും മുന്നുതവണ കക്കൂസ് മാലിന്യം തള്ളിയതും ചേർത്തലയിൽ നിന്നുള്ള സംഘമാണെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം നീക്കുന്നതിന് കരാറെടുത്ത ആളിന്റെ ടാങ്കർ ലോറി ഡ്രൈവറായിരുന്നു രാംലാൽ. ആളൊഴിഞ്ഞ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി കടന്നുകളയുന്നതായിരുന്നു ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പിടികൂടിയ ലോറിയുടെ രജിസ്‌ട്രേഡ് ഉടമയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.