വൈക്കം: ബുൾഡോസറുകളല്ല, കരുത്തുറ്റ കരങ്ങളാണ് ഭൂമിക്കുമേൽ ഉപയോഗിക്കേണ്ടതെന്ന് പ്രമുഖ പരിസ്ഥിതിമനുഷ്യാവകാശ പ്രവർത്തക മേധ പട്കർ. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എം.എൽ.എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാർത്ഥം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുളള അവാർഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അവർ. വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം ജനതയുടെ നിലനില്പായിരിക്കണം. ഭൂമിയുടെ ഹരിത ആവരണം സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും ഇൻഡ്യയിലെ ഭരണാധികാരികൾ അംഗീകരിച്ചിട്ടില്ല. ഭൂരേഖകൾ ഉണ്ടാക്കാൻ കോർപ്പറേറ്റുകളെയാണ് അധികാരികൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ആശ്രയം ഭൂമിയും ജീവനുള്ള പരിസ്ഥിതിയുമാണെന്ന് മേധാ പട്കർ പറഞ്ഞു. എ.ഐ.ടി.യു.സി അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി മുഖ്യപ്രഭാഷണം നടത്തി. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലെ (ഇണ്ടംതുരുത്തി മന) സി.കെ വിശ്വനാഥൻ സ്മാരകഹാളിൽ നടന്ന സമ്മേളനത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരൻ, യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, സി.കെ ആശ എം.എൽ.എ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, എം.ഡി ബാബുരാജ്, കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.