പൊൻകുന്നം:ലാഭകരമായി സർവവീസ് നടത്തുന്ന പൊൻകുന്നം പാലാ ചെയിൽ സർവീസ് മുടങ്ങുന്നതായി പരാതി. കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള സർവീസുകളാണ് മുടങ്ങുന്നത്. ഡിപ്പോയിൽ നിന്നും നാല് ചെയിൻ സർവീസുകൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ ഓടുന്നത്. പതിനായിരം രൂപയ്ക്ക് മുകളിൽ ദിവസവരുമാനമുള്ള സർവീസുകളാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മുടങ്ങുന്നത്. അതേസമയം അയ്യായിരം രൂപാ മാത്രം വരുമാനമുള്ള പത്തനംതിട്ട സർവീസുകൾ മുടക്കമില്ലാതെ നടത്തുകയും ചെയ്യുന്നുണ്ട്.സർവീസ് മുടക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമീകരണത്തിനും വരുമാന വർദ്ധനവിനുമായി പൊൻകുന്നം ടൗൺ ബസ് സ്റ്റാൻഡിൽ ആരംഭിച്ച സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. പലപ്പോഴും ഇത് തുറക്കാറില്ല. തുറക്കുന്ന ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ അടയ്ക്കുകയും ചെയ്യും. സർവീസുകൾ കൃത്യമായി നടത്തുകയും ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറന്നുപ്രവർത്തിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.