nara

കോട്ടയത്തിന്റെ മണ്ണിൽ നിന്ന് ലോകത്തോളം വളർന്ന് ഇന്ത്യൻ രാഷ്ട്രപതി കസേരയിൽ എത്തിയ വിശേഷ വ്യക്തിത്വമാണ് കെ.ആർ.നാരായണന്റേത് . അദ്ദേഹത്തിന്റെ പേരിൽ ജന്മനാട്ടിൽ ആരംഭിച്ച നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ടാഴ്ചയിലേറെയായി ഉയരുന്നത് സമരകാഹളമാണ്. ജില്ലാ മജിസ്ടേറ്റിന്റെ അധികാരം ഉപയോഗിച്ച് കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരം കളക്ടർ ഇടപെട്ട് ഇൻസ്റ്റിറ്റ്യൂട്ട് അടപ്പിച്ച് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കിയിരിക്കുകയാണ്.

വിദ്യാർത്ഥികൾ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റു കൂടിയായ സബ് കളക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

പ്രശ്നപരിഹാരത്തിന്റെ ഭാഗമായി പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാർ, ന്യുവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭ സെക്രട്ടറിയുമായ ഡോ.എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്ന കമ്മിഷനെ സർക്കാർ നിയോഗിച്ചു. കമ്മിഷൻ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പ്രശ്നം വലിച്ചു നീട്ടിക്കൊണ്ടു പോകാതെ സർക്കാർ അടിയന്തിരമായി പരിഹരിക്കണമെന്നാണ് പറയാനുള്ളത്. അല്ലെങ്കിൽ കെ.ആർ.നാരായണനോട് ചെയ്യുന്ന മഹാ അപരാധമായിരിക്കും അത്.

ജീവനക്കാരും വിദ്യാർത്ഥികളും ജാതിവിവേചനം നേരിടുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നു. ഗ്രാന്റുകളും ഫെലോഷിപ്പുകളും നിഷേധിക്കപ്പെടുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി ഡയറക്ടറുടെ രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കം ഉന്നതർക്ക് വിദ്യാർത്ഥികൾ പരാതിയും നൽകിയതിന്റെ തുടർച്ചയായിട്ടാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ച അടച്ചിടണമെന്നും വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്നുമുള്ള കളക്ടറുടെ നിർദ്ദേശം ലംഘിച്ച് സമരം തുടരാൻ സമരസമിതി തീരുമാനിച്ചെങ്കിലും ഹോസ്റ്റൽ ഒഴിയുന്നില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയത് അനുസരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായത് സംഘർഷസാദ്ധ്യത ഒഴിവാക്കിയിട്ടുണ്ട്.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മാതൃകയിൽ കേരളത്തിൽ ആരംഭിച്ച കെ.ആർ.നാരായണൻ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ അഭിമാനസ്തംഭമായി നിലനിൽക്കണം. ജാതിവിവേചനം , സംവരണ അട്ടിമറി തുടങ്ങിയ ആരോപണങ്ങൾ ആ സ്ഥാപനത്തിൽ നിന്ന് ഒരിക്കലും ഉയരരുത്. ബന്ധപ്പെട്ടവർ അതിന് ഇടകൊടുക്കരുതെന്നാണ് ഓർമിപ്പിക്കാനുള്ളത്. സമരക്കാരടക്കം എല്ലാവരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പഠിച്ച് അന്വേഷണകമ്മിഷൻ തയ്യാറാക്കുന്ന റിപ്പോർട്ട് പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്നും റിപ്പോർട്ട് അംഗീകരിച്ച് വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിൻമാറുമെന്നും നമുക്ക് പ്രതീക്ഷിക്കാം. സ്വന്തം പരിശ്രമത്താൽ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ മറികടന്ന് വിദേശ രാഷ്ട്രങ്ങളിൽ ഹൈക്കമ്മിഷണറായും കേന്ദ്രമന്ത്രിയായും ഇന്ത്യയുടെ പ്രഥമ പൗരനായും ഉയർന്ന് എല്ലാവരാലും ആദരിക്കപ്പെടുന്ന കെ.ആർ.നാരായണന്റെ നാമം എന്തിന്റെ പേരിലായാലും മോശമാക്കരുത് .ഈ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അല്ലാതെ അപമാനിക്കാനാകരുത്.....!

-