
കോട്ടയം. ബഫർസോൺ വിഷയത്തിൽ വനംവകുപ്പിന് മുന്നിൽ ജില്ലയിൽ നിന്ന് ഇതുവരെ ലഭിച്ചത് 1500ലേറെ പരാതികൾ. സ്വന്തം വീടും കെട്ടിടങ്ങളും പരിസ്ഥിതി മേഖലയിൽപ്പെട്ടതിന്റെ ഫോട്ടോ സഹിതമാണ് ഇ-മെയിൽ വഴിയും നേരിട്ടും പരാതി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ പ്രതിനിധികളും പരാതി നൽകിത്തുടങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചു. വനംവകുപ്പിന്റേത് മെല്ലപ്പോക്കാണെന്ന ആരോപണവുമായി കർഷകർ രംഗത്തെത്തുകയും ചെയ്തു.
എരുമേലി, കോരുത്തോട് പഞ്ചായത്തുകളിലാണ് ആശങ്ക. പ്രാഥമിക ഉപഗ്രഹ സർവേയിലും പിന്നീട് പുറത്തു വന്ന കരട് ഭൂപടത്തിലും വനമേഖലയും ബഫർ സോണും രേഖപ്പെടുത്തിയതിലാണ് അപാകത ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച വാളണ്ടിയർമാർ നേരിട്ടെത്തി പരിശോധന നടത്തിവേണം സുപ്രീംകോടതിയിൽ 11ന് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എന്നാൽ ഈ നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. പലയിത്തും വാളണ്ടിയർമാരുടെ പരിശീലനവും പൂർത്തിയായിട്ടില്ല. കോരുത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ബഫർസോണാണെങ്കിൽ പമ്പാവാലി, എയ്ഞ്ചൽവാലി മേഖല വനഭൂമി ആണെന്നും ഇതിനോടു ചേർന്നുള്ള വാർഡുകളായ മൂക്കൻപെട്ടി പൂർണമായും കണമല ഭാഗികമായും ബഫർ സോണിൽ ആണെന്നും ആയിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ വനംവകുപ്പിന്റെ കരട് ഭൂപടം പ്രകാരം പമ്പാവാലി, എയ്ഞ്ചൽവാലി മേഖല വനമേഖലയായി കാണിക്കുകയും മൂക്കൻപെട്ടി, കണമല വാർഡുകളുടെ ബഫർ സോൺ പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ 2 വാർഡുകൾ പൂർണമായും വനഭൂമിയെന്ന് കാണിക്കുമ്പോൾ ഇതിനു സമീപത്തെ 2 വാർഡുകൾ സ്വാഭാവികമായി ഒരു കിലോമീറ്റർ പരിധിയിക്കുള്ളിലെ ബഫർസോൺ മേഖലയാകുമെന്ന ആശങ്കയുമുണ്ട്. സുപ്രീം കോടതിയുടെ മുന്നിൽ ഈ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെങ്കിൽ തങ്ങൾ പെരുവഴിയിലാകുമെന്ന ആശങ്കയാണ് ഇവിടത്തുകാർ പങ്കുവയ്ക്കുന്നത്.
എരുമേലി ഗ്രാമപഞ്ചായത്ത്.
വാർഡ് 11: പമ്പാവാലി.
വാർഡ് 12: എയ്ഞ്ചൽ വാലി.
വാർഡ് 13: മൂക്കംപെട്ടി.
വാർഡ് 14 : കണമല.
കോരുത്തോട് പഞ്ചായത്ത്.
വാർഡ് 2: മൈനാക്കുളം.
വാർഡ് 3: കൊമ്പുകുത്തി.
വാർഡ്: മുണ്ടക്കയം ബ്ലോക്ക്.
വാർഡ് 5: ചണ്ണപ്ലാവ്.
വാർഡ് 6: കോരുത്തോട്.
വാർഡ് 7: കുഴിമാവ്.
വാർഡ് 8: പള്ളിപ്പടി.
എരുമേലി പഞ്ചായത്തംഗം മാത്യു ജോസഫ് പറയുന്നു.
വനംവകുപ്പിന് ഞങ്ങളുടെ ആശങ്ക ഇതുവരെ മനസിലായിട്ടില്ല. ഏയ്ഞ്ചൽ വാലി, പമ്പാവാലി വാർഡുകൾ വനമേഖലയായി രേഖപ്പെടുത്തിയതിനാൽ ആപ്ളിക്കേഷനിലൂടെയുള്ള പരാതിക്കും തടസമുണ്ട്.