
കോട്ടയം. കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടെ, ശരീരക്ഷീണവും വേദനയും വിട്ടുമാറാത്ത ചുമയുമായുള്ള വൈറൽപനി ജില്ലയിൽ പടരുന്നു. കൊവിഡിനേക്കാൾ ഭീതിതമാണ് ഇപ്പോഴുള്ള പനിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. ജലദോഷത്തിൽ തുടങ്ങി ശ്വാസ തടസവും സംസാരിക്കാൻ കഴിയാത്തതുമാണ് അവസ്ഥ. പൂർണമായും ഭേദമാവാൻ ആഴ്ചകൾ വേണ്ടി വരും.
ദിവസവും ശരാശരി അഞ്ഞൂറിലേറെപ്പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക് .
സ്വകാര്യാശുപത്രികളിലെ കണക്ക് കൂടി പരിശോധിക്കുമ്പോൾ ശരാശരി ആയിരത്തിന് മേൽ ആളുകളെ ദിവസവും വൈറൽ പനി കീഴടക്കുന്നുണ്ട്. ഈ മാസം ഇതുവരെ 14403 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ മാസം പനി ബാധിതരുടെ എണ്ണം കുറവായിരുന്നു. രാവിലെയുള്ള മഞ്ഞും അതിന് ശേഷമുള്ള ശക്തമായ വെയിലും ശരീരത്തെ തളർത്തുകയാണ്.
ഡിസംബർ മാസങ്ങളിൽ പൊതുവേ പനി ബാധിതരുടെ എണ്ണം കൂടാറുണ്ടെങ്കിലും ഇത്രയും തീവ്രമായ പനി ബാധിക്കുന്നത് ഇപ്പോഴാണ്. കൊവിഡിന് ശേഷം പ്രതിരോധ ശേഷി കുറഞ്ഞതും കാരണമായി. കൊവിഡ് കാലയളവിൽ മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചപ്പോൾ വൈറൽ പനി ബാധിതരുടെ എണ്ണം കുറഞ്ഞിരുന്നു. തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, ശ്വാസതടസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ മാസ്ക് ഉൾപ്പെടെ ഉപേക്ഷിച്ചതോടെ പനി കൂടുതൽ പകർന്നുതുടങ്ങി. ആഗസ്ത് - സെപ്തംബർ മാസവും പനി വ്യാപകമായിരുന്നു.
പനി ബാധിതരുടെ എണ്ണം.
ഈ വർഷം ഇതുവരെ - 1.8 ലക്ഷം
ഈ മാസം - 14403 (പ്രതിദിനം 576 )
ജില്ലാ ആശുപത്രിയിലെ ഡോ.വിനോദ് പറയുന്നു.
കുട്ടികളേയും മുതിർന്നവരെയും ഒരുപോലെ വൈറൽ പനി ബാധിക്കുന്നുണ്ട്. കൊവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളുണ്ടെങ്കിലും കൊവിഡുമായി ബന്ധമില്ല. പരിശോധിക്കുന്നവരിൽ ഏറെയും നെഗറ്റീവാണ്. അതേസമയം കൊവിഡ് ബാധിച്ചവരിൽ ശ്വാസതടസം പ്രധാന പ്രശ്നമായി തുടരുന്നുണ്ട്.