പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിലുള്ള എട്ടാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച പദയാത്ര എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പദയാത്രക്കൊപ്പം നീങ്ങുന്ന ഗുരുദേവ വിഗ്രഹം വഹിച്ച രഥത്തിൽ ഇടപ്പാടി ക്ഷേത്രം മേൽശാന്തി വൈക്കം സനീഷ് ശാന്തി ദീപപ്രോജ്ജ്വലനം നടത്തി.
മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജനപക്ഷം പാർട്ടി നേതാവ് സെബി പറമുണ്ടയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് സ്വാഗതവും ജോയിന്റ് കൺവീനർ കെ.ആർ.ഷാജി നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ സജീവ് വയല, കമ്മറ്റിയംഗങ്ങളായ രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലുവേലിൽ, സജി ചേന്നാട്, സാബു പിഴക്, സുധീഷ് ചെമ്പൻകുളം എന്നിവർ പ്രസംഗിച്ചു.
ഇടപ്പാടിയിൽ നിന്ന് ആരംഭിച്ച പദയാത്ര ഭരണങ്ങാനത്ത് എത്തിയപ്പോൾ മാണി സി. കാപ്പൻ എം.എൽ.എ, മുൻ എം.എൽ.എ, പി.സി ജോർജ്ജ്, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
30നാണ് പദയാത്ര ശിവഗിരിയിൽ എത്തിച്ചേരുന്നത്. സുരേഷ് ഇട്ടിക്കുന്നേൽ (ക്യാപ്റ്റൻ) എം.ആർ. ഉല്ലാസ്, സജീവ് വയല, കെ.ആർ. ഷാജി, രാമപുരം സി.റ്റി. രാജൻ (വൈസ് ക്യാപ്റ്റൻമാർ) എന്നിവരാണ് പദയാത്ര നയിക്കുന്നത്.